| Sunday, 17th May 2026, 10:57 am

ഇന്ത്യൻ നായകൻ ഇനി സഞ്ജുവിനൊപ്പം; തോൽവിയിലും തലയുർത്തി ഗിൽ

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 248 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ കൊല്‍ക്കത്ത 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പൊരുതി നിന്നു. 49 പന്തില്‍ നിന്ന് 85 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്സും അഞ്ച് ഫോറുമായിരുന്നു ഗില്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകനത്തോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ ഏഴോ അതിലധികമോ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറി.

അഞ്ച് തവണയാണ് ഗില്‍ ഒരു ഇന്നിങ്‌സില്‍ 7+ സിക്‌സുകള്‍ അടിച്ചെടുത്തത്. ഈ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് ഗില്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്താണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ 7+ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്‌സുകളുടെ എണ്ണം

റിഷബ് പന്ത്-6

ശുഭ്മന്‍ ഗില്‍-5

സഞ്ജു സാംസണ്‍-5

അഭിഷേക് ശര്‍മ-4

കെ.എല്‍ രാഹുല്‍-4

ശ്രേയസ് അയ്യര്‍-4

മത്സരത്തില്‍ ഗില്ലിന് പുറമെ സായ് സുദര്‍ശനും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. നാലാം ഓവറില്‍ സായ് സുദര്‍ശന്‍ 13 പന്തില്‍ 23 റണ്‍സെടുത്ത് നില്‍ക്കവേ റിട്ടയേര്‍ഡ് ഹാര്‍ട്ടായി മടങ്ങുകയും പിന്നീട് തിരിച്ചെത്തി 28 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് നേടിയത്. ജോസ് ബട്ലര്‍ 35 പന്തില്‍ 57 റണ്‍സും നേടി തിളങ്ങി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി മിന്നും പ്രകടനം നടത്തിയത് ഫിന്‍ അലനാണ്. 35 പന്തില്‍ 10 സിക്സും നാല് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സ് നേടി. പുറത്താകാതെ ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 28 പന്തില്‍ 52 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

Content Highlight: Shubhman gill set a huge record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more