ഐ.സി.സി ജൂലൈ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്താവാന്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍. കഴിഞ്ഞ ദിവസമാണ് ഐ.സി.സി ഈ അവാര്‍ഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചത്. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മിന്നും പ്രകടനങ്ങളാണ് ഗില്ലിനെ ഈ അവാര്‍ഡിന്റെ അവസാന മൂന്നില്‍ എത്തിച്ചത്.
ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയ്ക്കിടെ ജൂലൈ മാസത്തില്‍ മാത്രം 567 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. മൂന്ന് ടെസ്റ്റില്‍ 94.50 ശരാശരിയില്‍ ബാറ്റ് ചെയ്ത താരത്തിന്റെ പേരില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയുമുണ്ട്.
പരമ്പരക്കിടെ ഗില്ലിന്റെ റെക്കോഡ് പ്രകടനങ്ങള്‍ക്കും ആരാധകര്‍ സാക്ഷിയായിരുന്നു. രണ്ടാം ടെസ്റ്റില്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ 430 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ 269 റണ്‍സ് എടുത്ത് കരുത്ത് കാട്ടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സിലും താരം തകര്‍പ്പന്‍ ബാറ്റിങ് കാഴ്ച വെച്ചു. 161 റണ്‍സാണ് വലം കൈയ്യന്‍ ബാറ്റര്‍ നേടിയത്.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും സൗത്ത് ആഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡറുമാണ് അവാര്‍ഡിനായി ഗില്ലിനൊപ്പം മത്സരിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനങ്ങള്‍ തന്നെയാണ് സ്റ്റോക്സിനെയും ഈ ലിസ്റ്റില്‍ എത്തിച്ചത്. ഓള്‍റൗണ്ടറായ താരം ജൂലൈയില്‍ നടന്ന മൂന്ന് മത്സരത്തില്‍ 251 റണ്‍സാണ് ഇന്ത്യക്കെതിരെ നേടിയത്. കൂടാതെ, 12 വിക്കറ്റുകള്‍ ഇംഗ്ലണ്ട് നായകന്‍ വീഴ്ത്തുകയും ചെയ്തു.
അതേസമയം സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ മുള്‍ഡറിന് ഈ ലിസ്റ്റിലേക്ക് വഴിയൊരുക്കിയത് സിംബാബ്വെക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ 531 റണ്‍സ് നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ താരം റെക്കോഡ് പ്രകടനം നടത്തിയിരുന്നു. ക്യാപ്റ്റനായി അരങ്ങേറി മുള്‍ഡര്‍ 367 റണ്‍സ് സ്‌കോര്‍ ചെയ്ത് സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തന്റെ പേരിലാക്കിയിരുന്നു.
Content Highlight: Shubhman Gill became one of the nominees for the ICC Men’s Player of the Month Award of July 2025