| Saturday, 22nd November 2025, 8:51 pm

ഇന്ത്യയ്ക്ക് തിരിച്ചടി, ഗിൽ പുറത്ത് തന്നെ; ഏകദിനത്തില്‍ പുതിയ ക്യാപ്റ്റന്‍?

സ്പോര്‍ട്സ് ഡെസ്‌ക്

ശുഭ്മന്‍ ഗില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന് കൂടുതല്‍ വിശ്രമവും വേണമെന്നും ടി – 20 പരമ്പരയിലാവും താരം തിരിച്ച് വരികയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നിര്‍ഭാഗ്യവശാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്‍ കളിക്കില്ല. താരത്തിന് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് സ്‌പെഷ്യലിസ്റ്റുകളുടെ നിര്‍ദേശം. ബി.സി.സി.ഐ മെഡിക്കല്‍ ടീം തുടര്‍ന്നും താരത്തെ നിരീക്ഷിക്കും,’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ ബാറ്റിങ്ങിന് ഇടയിലാണ് ഗില്ലിന് പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ആദ്യ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് എത്തിയിരുന്നില്ല.

രണ്ടാം ടെസ്റ്റിനായി ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഗുവഹാത്തിയിലേക്ക് സഞ്ചരിച്ചിരുന്നു. എന്നാല്‍, ബി.സി.സി.ഐ മെഡിക്കല്‍ സംഘം താരത്തിന് വിശ്രമം നിര്‍ദേശിച്ചതിനാല്‍ രണ്ടാം ടെസ്റ്റിലും ഗില്‍ കളത്തില്‍ ഇറങ്ങിയിരുന്നില്ല.

അടുത്ത ആഴ്ച താരത്തിന്റെ പുരോഗതി വിലയിരുത്താന്‍ പരിശോധന നടത്തുമെന്നാണ് വിവരം. അതിനാല്‍ തന്നെ ഏകദിന പരമ്പരയില്‍ പുതിയ ക്യാപ്റ്റനായിരിക്കും നയിക്കുക. ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്താണ്.

കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, അക്സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളായിരിക്കും ടീമിന്റെ നയാകേണ്ടന്നാണ് സൂചന. ഒരു ഇടം കൈയ്യന്‍ ബാറ്ററെ ഏകദിനത്തില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റിന് താത്പര്യമുള്ളതിനാല്‍ പന്തിനാണ് സാധ്യത കൂടുതല്‍.

നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര തുടക്കമാവുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ പരമ്പരയ്ക്ക് ശേഷമാണ് സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടി – 20 മത്സരങ്ങള്‍ നടക്കുക.

ഡിസംബര്‍ അഞ്ചിനാണ് ഈ പരമ്പര. അഞ്ച് മത്സരങ്ങളാണ് ഇതില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതിലേക്കാവും ഗില്‍ തിരിച്ചെത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Content Highlight: Shubhman Gill is likely unavailable for ODI Series against South Africa: Report

We use cookies to give you the best possible experience. Learn more