ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 236 റണ്‍സ് 69 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. അതേസമയം ഓസീസിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനായി അരങ്ങേറിയ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. പരമ്പര നഷ്ടമായതിന് പുറമെ ബാറ്റിങ്ങിലും താരം പരാജയപ്പെടുകയായിരുന്നു.
18 പന്തില്‍ 10, ഒമ്പത് പന്തില്‍ ഒമ്പത്, 26 പന്തില്‍ 24 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോര്‍. മാത്രമല്ല ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ ഒരു മോശം നേട്ടവും ഗില്ലിന് വന്നുചേര്‍ന്നിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കുറഞ്ഞ ബാറ്റിങ് ആവറേജ് നേടുന്ന ക്യാപ്റ്റനായി മാറുകയാണ് ഗില്‍.
ശുഭ്മന്‍ ഗില്‍ – 14.33 – 2025
എം.എസ്. ധോണി – 17.20 – 2016
സൗരവ് ഗാംഗുലി – 18.60 – 2001
അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മ 125 പന്തില്‍ 13 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്നിയില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സും നേടിയും തിളങ്ങി.
ഓസ്ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Shubhman Gill In Unwanted Record Against Australia