വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരിക്കുകയാണ് (134.2 ഓവര്‍).
ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ ഗില്‍ കാഴ്ചവെച്ചത്. 196 പന്തില്‍ രണ്ട് സിക്‌സും 16 ഫോറും ഉള്‍പ്പെടെ 129* റണ്‍സാണ് താരം നേടിയത്. നേരിട്ട 177ാം പന്തിലാണ് ഗില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 10ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കാനാണ് ഗില്ലിന് കഴിഞ്ഞത്. മാത്രമല്ല ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയ ശേഷം ഗില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണിത്.
ഇതോടെ ടെസ്റ്റില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ 2023ല്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയ നേട്ടം മറികടന്നാണ് ഗില്‍ ഒന്നാമനായത്.
ശുഭ്മന്‍ ഗില്‍ – 14* – 2025
രോഹിത് ശര്‍മ – 13 – 2023
എം.എസ്. ധോണി – 11 – 2010
രോഹിത് ശര്‍മ – 11 – 2024
എം.എസ്. ധോണി – 10 – 2011
അതേസമയം ടീമിന് വേണ്ടി ക്ലാസിക് പ്രകടനവുമായാണ് യശസ്വി ജെയ്‌സ്വാള്‍ മടങ്ങിയത്. 258 പന്തില്‍ നിന്ന് 175 റണ്‍സാണ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു താരം.
ജെയ്‌സ്വാളിന് പുറമെ യുവ താരം സായി സുദര്‍ശനും ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നു. 165 പന്തില്‍ 12 ഫോറുള്‍പ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. കെ.എല്‍. രാഹുലും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്.
രാഹുലിന്റെ ഇന്നിങ്സില്‍ പിറന്നത് ഒരു സിക്‌സും അഞ്ച് ഫോറുമാണ്. 54 പന്തില്‍ 43 റണ്‍സ് നേടിയാണ് നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ അവസാന ഘട്ടത്തില്‍ 79 പന്തില്‍ 44 റണ്‍സിനാണ് കൂടാരം കയറിയത്. അഞ്ച് ഫോറാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. റോസ്റ്റണ്‍ ചെയ്‌സാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്.
Content highlight: Shubhman Gill In Great Record Achievement In Test Cricket As a Captain