ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി ഗുജറാത്ത് വിജയം നേടുകയായിരുന്നു.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 40 പന്തില്‍ ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. 140.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഈ പ്രകടനത്തോടെ ഒരു നാഴികക്കല്ല് പിന്നിടാനും ഗുജറാത്ത് ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.
ഇതുവരെ ടൂര്‍ണമെന്റില്‍ 121 മത്സരങ്ങള്‍ കളിച്ച ഗില്‍ 4031 റണ്‍സാണ് നേടിയത്. 129 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 39.91 ആവറേജും താരത്തിനുണ്ട്. 139.05 എന്ന സ്‌ട്രൈക്ക് റേറ്റാണ് ഐ.പി.എല്ലില്‍ ഗില്ലിനുള്ളത്. നാല് സെഞ്ച്വറകളും 28 അര്‍ധ സെഞ്ച്വറികളുമാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്.
മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ജോസ് ബട്ലറായിരുന്നു. 37 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. 13 പന്തില്‍ 21 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 10 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്.
ലഖ്നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് റാഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ലഖ്നൗവിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രമാണ്. ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 21 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 18 റണ്‍സിന് പുറത്തായതോടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
അതേസമയം ഗുജറാത്തിന്റെ അടുത്ത മത്സരം ഏപ്രില്‍ 17ന് കൊല്‍ക്കത്തയ്‌ക്കെതിരെയാണ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്‌റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Shubhman Gill Complete 4000 Runs In IPL