ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടി കരുത്ത് തെളിയിച്ച് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. മത്സരത്തിലെ രണ്ടാം ദിനത്തിലാണ് താരം ഫിഫ്റ്റി സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ 100 പന്തില്‍ 50 റണ്‍സ് എടുത്താണ് താരം പുറത്തായത്. അഞ്ച് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ ഹോം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്മാരുടെ അപൂര്‍വ ലിസ്റ്റിലാണ് താരം ഇടം നേടിയത്. സുനില്‍ ഗവാസ്‌കര്‍ക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തില്‍ എത്തുന്നത് ഇത് ആദ്യമാണ്.
47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഈ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തത്. 1978ലായിരുന്നു ഗവാസ്‌കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. അന്നും എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു മുന്‍ നായകന്‍ ഈ നേട്ടത്തിലെത്തിയത്.
അതേസമയം, രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ നാലിന് 272 റണ്‍സ് നേടിയിട്ടുണ്ട്. ടീമിന് 110 റണ്‍സിന്റെ ലീഡ് നേടാനും സാധിച്ചു. ഇതില്‍ നിര്‍ണായക പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. താരം തന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയാണ് തിരിച്ച് നടന്നത്. 197 പന്തില്‍ 12 ഫോറുകള്‍ അടക്കം 100 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.
നിലവില്‍ ധ്രുവ് ജുറെലും രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. ജുറെല്‍ 87 പന്തില്‍ 43 റണ്‍സും ജഡേജ 42 പന്തില്‍ 27 റണ്‍സും സ്‌കോര്‍ ചെയ്താണ് ബാറ്റിങ് തുടരുന്നത്.
അതേസമയം, ആദ്യ ദിനം തന്നെ വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ പുറത്താക്കിയിരുന്നു. 162 റണ്‍സായിരുന്നു ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.
പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 121 റണ്‍സ് എടുത്തിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയ്സ്വാള്‍ 54 പന്തില്‍ 36 റണ്‍സും സുദര്‍ശന്‍ 19 പന്തില്‍ ഏഴ് റണ്‍സുമാണ് സ്വന്തമാക്കിയത്.
Content Highlight: Shubhman Gill became first Indian captain after Sunil Gavaskar to score fifty in first home test as a captain