| Tuesday, 12th August 2025, 6:22 pm

തുടരുന്ന ഗില്ലാട്ടം: കീശയിലാക്കിയത് ഐ.സി.സിയുടെ സൂപ്പര്‍ അവാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ജൂലൈ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാർഡിന് അർഹനായി ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍. അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മിന്നും പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, സൗത്ത് ആഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡര്‍ എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ നായകന്‍ ഈ അവാര്‍ഡ് നേടിയത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മിന്നും പ്രകടനമാണ് ശുഭ്മന്‍ ഗില്‍ നടത്തിയത്. അഞ്ച് മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ നടന്നത് ജൂലൈ മാസത്തിലായിരുന്നു. ഈ മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. മൂന്ന് ടെസ്റ്റില്‍ 94.50 ശരാശരിയില്‍ ബാറ്റ് ചെയ്ത താരത്തിന്റെ പേരില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയുമുണ്ട്.

ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പരയില്‍ തന്നെ ആരാധകര്‍ സാക്ഷിയായത് ഗില്ലിന്റെ റെക്കോഡ് പ്രകടനങ്ങള്‍ക്കായിരുന്നു. എഡ്ജ്ബാസ്റ്റണ്‍ വേദിയായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ 430 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 269 റണ്‍സ് എടുത്തതായിരുന്നു താരംകരുത്ത് കാട്ടിയത്.

മത്സരത്തില്‍ തന്റെ ഫോം രണ്ടാം ഇന്നിങ്സിലും ഗില്‍ തുടര്‍ന്ന് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ച വെച്ചു. 161 റണ്‍സാണ് ആ ഇന്നിങ്‌സില്‍ വലം കൈയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്. രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ഗില്‍ തന്നെയായിരുന്നു.

അതേസമയം, അവസാന മത്സരത്തില്‍ ജയിച്ച് ഗില്ലിന്റെ പുതു ഇന്ത്യയ്ക്ക് പരമ്പര സമനിലയ്ക്കാന്‍ സാധിച്ചിരുന്നു. ഓവലില്‍ ഇന്ത്യ ജയിച്ചതോടെ പരമ്പര 2 – 2 എന്ന നിലയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും പിരിഞ്ഞത്.

പരമ്പര പൂര്‍ത്തിയായപ്പോള്‍ റണ്‍ വേട്ടക്കാരില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത് ഇന്ത്യന്‍ നായകനാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 754 റണ്‍സ് എടുത്താണ് താരം ഒന്നാമനായത്.

Content Highlight: Shubhman Gill bagged the ICC Player of the Month of July award

We use cookies to give you the best possible experience. Learn more