കോഴിക്കോട്: ‘തെരുവ് പ്രബോധനം ഒരൊറ്റ മുസ്‌ലിമിനും നിർബന്ധമില്ല,’ എന്ന് സുന്നി പണ്ഡിതൻ ശുഐബുൽ ഹൈതമി. ‘ഇന്ത്യയിൽ നിലവിൽ സ്ട്രീറ്റ് ദഅ്‌വ അപകടം ചോദിച്ച് വാങ്ങലും ചിലപ്പോൾ ബോറുമാണ്,’ എന്നും ഹൈതമി ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. ‘ഷോർട്ട് കട്ട് ട്രിക്കല്ല ദഅ്‌വ , ലോങ് ടേം ലൈഫാണ്. കണ്ടൻ്റ് വേണം, റഫറൻസ് വേണം, സംവാദം വേണം… പക്ഷെ തൂക്കി വിൽക്കണ്ട,’ എന്നും ഹൈതമി കൂട്ടിച്ചേർത്തു.
അൺമാസ്കിങ് അനോമലീസ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ഇൻഫ്ലൂുവൻസർ അബ്ദുല്ല ബാസിൽ കോഴിക്കോട് ബീച്ചിൽ നിന്ന് ദൈവത്തിന്റെ അസ്തിത്വം, പ്രപഞ്ച സൃഷ്ടി തുടങ്ങിയ വിഷയങ്ങളിൽ പൊതുജനാഭിപ്രായം തേടുന്ന വീഡിയോ അടുത്തിടെ അപ്‌ലോഡ് ചെയ്തിരുന്നു. ഈ വിഡീയോയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് ഹൈതമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നബി ചെയ്ത പ്രബോധനത്തിൻ്റെ അതേരീതിയാവില്ല ഇന്ന് വേണ്ടതെന്ന് ഹൈതമി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിലപ്പോൾ ആവാം. ഇനി ആയാലും തെരുവ് പ്രബോധനം ഒരൊറ്റ മുസ്‌ലിമിനും നിർബന്ധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
‘ഇന്നാട്ടുകാരെ മൊത്തം മുസ്‌ലിംകളാക്കാൻ ശ്രമിക്കൽ ഇന്ത്യൻ മുസ്‌ലിംകൾക്ക് ബാധ്യതയില്ല. മേപ്പുര ഇല്ലാത്തവർക്ക് തീപ്പൊരി പേടിക്കണ്ട . എന്തും വിളിച്ച് പറയാം. ദിനിന്റെ ചിഹ്നങ്ങൾ ബാക്കിയാക്കുന്ന സംവിധാനങ്ങൾ നിലനിൽക്കലാണ് വലിയ ദഅ്‌വ,’ ഹൈതമി കുറിച്ചു.
‘നബിക്ക് നിർബന്ധമായ പലതും നബിയല്ലാത്തവർക്ക് ഐഛികമോ നിഷിദ്ധമോ ആണ്. നബിയല്ലാത്തവർക്ക് അനുവദനീയമായ പലതും നബിക്ക് നിഷിദ്ധവുമാണ്. റസൂലിൻ്റെ നിയമങ്ങൾ വേറെയാണ്, അവിടത്തെ കുറിച്ച് മുന്തിയ മൗലവി എന്ന് വിചാരിക്കുന്നവർക്ക് ഇസ്‌ലാം തിരിഞ്ഞിട്ടില്ല,’ എന്നും ഹൈതമി അഭിപ്രായപ്പെടുന്നു.
‘നബി ചെയ്ത കാര്യങ്ങളുടെ തനിയാവർത്തനമല്ല , മൂല്യസന്ദേശ പ്രചരണമാണ് പലതിലും വേണ്ടത് . നബി ഹിജ്റ പോയെന്ന് വെച്ച് ഇവിടെ നിന്നാരും യമനിലേക്ക് നാടുവിടേണ്ടതില്ല . അവിടന്ന് ത്വാഇഫിൽ കല്ലേറ് കൊണ്ടു എന്ന് വെച്ച് ഇവിടെ നിന്നും ഒഴിവാക്കാവുന്ന കല്ലേറ് ദിനിൻ്റെ പേരിൽ കൊള്ളൽ സുന്നത്തില്ല . മറിച്ച് , വിശ്വാസം കാക്കാൻ പ്രിയപ്പെട്ടവയെ ത്യജിക്കലും റിസ്ക് എടുക്കലുമാണ് അവയുടെ മൂല്യസന്ദേശം,’ ഹൈതമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ഇസ്‌ലാമിന് വേണ്ടി മരിക്കാനും ജയിലിൽ പോവാനും അല്ലാഹു പറഞ്ഞിട്ടില്ല . ഇസ്‌ലാമിന് വേണ്ടി ജീവിക്കാനും നാട്ടിലും വീട്ടിലും തന്നെ പാർക്കാനുമാണ് പറഞ്ഞത്. അഥവാ ഇസ്‌ലാമിന് വേണ്ടി ജീവിച്ചതിൻ്റെ പേരിൽ മരിച്ചാൽ ശഹീദിൻ്റെ കൂലി കിട്ടും , തടവിലായിൽ അതിൻ്റെയും,’ അദ്ദേഹം കുറിച്ചു.
അമുസ്‌ലിംകളോട് ഒപ്പം ഇരുന്നും യാത്രചെയ്തും ഇടപാട് നടത്തിയും കളിച്ചും ചിരിച്ചും കലർപ്പില്ലാത്ത മനസും ഗുണകാക്ഷയും സഹിതം എംഗേജ് ചെയ്യലാണ് ദഅ്‌വ. ഉന്നത പാoശാലകളും സംസ്ക്കാരങ്ങളും നിലനിർത്തലാണ് , ജീവിക്കുന്ന ഇസ്‌ലാമാവലാണ് ദഅ്‌വ,’ ഹൈതമി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം തെരുവിൽ മറ്റെല്ലാം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ തങ്ങളും അവിടെ കാണുമെന്ന് അബ്ദുല്ല ബാസിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘വലതുപക്ഷ നിരീശ്വരവാദി സംഘടനയായ എസൻസിന്റെ സംസ്ഥാന സമ്മേളനമായ ലിറ്റ്മസിന്റെ പ്രചാരണാർഥം അവർ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങി ആളുകളോട് ചോദ്യങ്ങൾ ചോദിക്കുകയും സംവദിക്കുകയും ചെയ്യുന്നു,’ എന്നും ബാസിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നൂറുകൂട്ടം യൂട്യൂബ് ചാനലുകൾ ബീച്ചിലും പാർക്കിലും ബസ് സ്റ്റോപ്പിലുമെല്ലാം പല വിഷയങ്ങൾ ചർച്ച ചെയ്യുന്നു. പലതും റീച്ച് ഉദ്ദേശിച്ചുള്ള വൾഗറായ ചോദ്യങ്ങൾ പോലുമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Shuaibul Haithami Facebook Post After Abdulla Basils Video