കരിക്ക് സീരീസിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശ്രുതി സുരേഷ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വലിയ ജനപ്രീതി നേടിയ കരിക്കിലെ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം പിന്നീട് സിനിമയിലേക്കും ചുവടുമാറി.
ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച ശ്രുതി, സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കലാരഞ്ജിനി, ശ്രുതി സുരേഷ്, Phoyto: Facebook.com
ഇപ്പോഴിതാ, എവിടെപ്പോയാലും ആളുകൾ ഇപ്പോഴും തന്നെ തിരിച്ചറിയുന്നത് ‘കരിക്കിലെ കുട്ടി’ എന്ന ലേബലിലാണെന്ന് തുറന്നു പറയുകയാണ് ശ്രുതി സുരേഷ്. കരിക്ക് ടീമിന്റെ പുതിയ സിനിമയിൽ താൻ ഉണ്ടാകുമോ എന്ന ചോദ്യത്തിനും താരം പ്രതികരിച്ചു.
‘ഇതിനെക്കുറിച്ചാണ് ഞാനും എവിടെപ്പോയാലും ആദ്യം കേൾക്കുന്നത്. അതിനുള്ള ഉത്തരം ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. അവരാണ് അത് ഒഫീഷ്യലി പറയേണ്ടത്, അത് പറയുക തന്നെ ചെയ്യും. പിന്നെ, 2019-ൽ തുടങ്ങിയ ജേണിയാണ് കരിക്കിനൊപ്പം. 2026-ൽ എത്തി നിൽക്കുമ്പോൾ അവരോടൊപ്പം ഇപ്പോഴും സഞ്ചരിക്കാൻ സാധിക്കുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്.
എവിടെപ്പോയാലും ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് കരിക്കിലെ കുട്ടി എന്ന ലേബലിലാണ്. മോഹിനിയാട്ടത്തിന്റെ സെറ്റിലും സുരാജേട്ടൻ പോലും കരിക്കിലെ പരിപാടികൾ കാണാറുണ്ട്. രസമാണ് എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണ്. കരിക്കിനോടും നിഖിൽ പ്രസാദിനോടും വലിയ നന്ദിയുണ്ട്. അവരുടെ സിനിമയിൽ ഞാനുണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കിൽ സന്തോഷം,’ ശ്രുതി പറഞ്ഞു.
മോഹിനിയാട്ടം , Photo: Facebook.com
കരിക്കിലുടെ നിരവധി യുവതാരങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അവരിൽ ഏറെ സ്വീകാര്യത നേടിയ മുഖങ്ങളിലൊന്നാണ് ശ്രുതിയുടേത്. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ കരിക്കിലെ കഥാപാത്രങ്ങളിലൂടെയാണ് തന്നെ ഓർക്കുന്നതെന്നത് ഒരു കലാകാരിയെന്ന നിലയിൽ വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും താരം പറഞ്ഞു.
സിനിമകളിൽ സജീവമായ ശേഷവും കരിക്കുമായുള്ള ബന്ധം അതേപോലെ നിലനിർത്താൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും ശ്രുതി പറയുന്നു. കരിക്കിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെങ്കിലും, അവസരം ലഭിച്ചാൽ പുതിയ സിനിമയുടെ ഭാഗമാകാൻ സന്തോഷമുണ്ടാകുമെന്നും താരം വ്യക്തമാക്കി.
അതേസമയം, സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹിനിയാട്ടം ചിത്രത്തിൽ കലാരഞ്ജിനി, ശ്രുതി സുരേഷ്, സൂരജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Content Highlight: Shruti Suresh says that wherever I go, people still recognize me by the label of ‘Kutti’ from the series ‘Karikk’.