| Tuesday, 24th February 2026, 6:27 pm

കൈ തന്ന് ഷാരൂഖാണെന്ന് പറഞ്ഞപ്പോഴേ ഞാന്‍ ബ്ലാങ്ക് ഔട്ടായി: അദ്ദേഹം കണ്ണില്‍ നോക്കിയാണ് സംസാരിക്കുക: ശ്രുതി മേനോന്‍

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയും ആണ് ശ്രുതി മേനോന്‍. അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും സജീവമായ ശ്രുതി മലയാളം, മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഞ്ചാരം എന്ന ഫീച്ചര്‍ ഫിലിമിലൂടെ അഭിനയം ആരംഭിച്ച ശ്രുതി ഷെയ്ന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

2024ല്‍ ബോളിവുഡ് താരം ഷാരൂഖിനൊപ്പം ശ്രുതി മേനോന്‍ ചെയ്ത മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മൈല്‍ സ്റ്റോണ്‍ മേക്കര്‍സുമായുള്ള അഭിമുഖത്തില്‍ ആ അനുഭവം പങ്കുവെക്കുകയാണ് താരം.

‘ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ അയാള്‍ക്ക് കുറെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഉണ്ടാകും. എന്നാല്‍ ഷാറൂഖ് ഖാന്റെ കൂടെ സിനിമയോ പരസ്യമോ ചെയ്യുക എന്നൊരു കാര്യം എന്റെ ഗോളിലില്ലായിരുന്നു.

ചില കഥാപാത്രങ്ങള്‍ എന്റെ ആക്ടിങ് കരിയറില്‍ എനിക്ക് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഞാന്‍ ചെയ്തു. ഒരു അവതാരികയാകണം, സ്റ്റേജില്‍ ലൈവായി പെര്‍ഫോം ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതും ഞാന്‍ കവര്‍ ചെയ്തു. അങ്ങനെ എന്റെ ജീവിത ലക്ഷ്യങ്ങള്‍ ഞാന്‍ ടിക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ട്.

പക്ഷേ എസ്. ആര്‍.കെയുടെ കൂടെ സിനിമയോ പരസ്യമോ ചെയ്യണമെന്നൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല. അത് സംഭവിച്ചു പോയതാണ്. അതെന്റെ ഇമേജിനേഷനും അപ്പുറമാണ്. അങ്ങനെയൊന്നും ഞാന്‍ മനസില്‍ വിചാരിച്ചിട്ടേ ഇല്ല,’ ശ്രുതി മേനോന്‍ പറയുന്നു.

കുട്ടിക്കാലം മുതല്‍ക്കേ താന്‍ ഷാരൂഖാന്റെ വലിയ ആരാധികയാണെന്നും 16 വയസുള്ളപ്പോള്‍ താന്‍ ഒരു ട്രൂപ്പില്‍ ഡാന്‍സറായിരുന്നുവെന്നും ഷാരൂഖാന്റെ പങ്കാളിയും ആ ട്രൂപ്പിലെ സീനിയര്‍ ഡാന്‍സറായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ഷാരൂഖാന്റെ കൂടെ ആദ്യമായി പരസ്യം ചെയ്ത അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ എന്റെ അടുത്ത് നിന്ന് ഷേക്ക് ഹാന്‍ഡ് തന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ ഹായ് ഐ ആം ഷാരൂഖ്’ എന്ന്. അത് കഴിഞ്ഞിട്ട് ഞാന്‍ ചെറുതായി ഒന്ന് ബ്ലാങ്ക് ആയി. ഞാന്‍ അവിടെ വല്ലാത്ത എക്‌സൈറ്റഡായി, അതുപോലെ ഹാപ്പിയുമായി,’ശ്രുതി മേനോന്‍ പറയുന്നു.

താന്‍ ഷാരൂഖാനില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ടെന്നും അദ്ദേഹം കണ്ണില്‍ നോക്കിയാണ് എപ്പോഴും സംസാരിക്കുകയെന്നും ശ്രുതി പറഞ്ഞു. മറ്റുള്ളവരെ പോലെ ഫോണില്‍ നോക്കിയോന്നും അല്ല അദ്ദേഹം സംസാരിക്കുകയെന്നും നടി കൂട്ടിച്ചേര്‍ത്തു.

സ്പായാണ് ശ്രുതിയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ അഡള്‍ട്ട് കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Content Highlight:   Shruti Menon shares her experience of doing an advertisement with Shah Rukh Khan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more