| Wednesday, 27th August 2025, 7:49 am

രജിനി സാറും അപ്പയും തമ്മിലുള്ള വ്യത്യാസം അതാണ്: ശ്രുതി ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദക്ഷിണേന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളാണ് രജിനികാന്തും കമൽ ഹാസനും. പതിറ്റാണ്ടുകളായി തങ്ങളുടെ അഭിനയ ജീവിതത്തിലൂടെ ഇരുവരും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സ്റ്റൈലിഷ് കഥാപാത്രങ്ങളിലൂടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച താരമാണ് രജിനികാന്ത്. അഭിനയത്തിന്റെ സർവ്വകലാശാലയാണ് കമൽ ഹാസൻ. അഭിനേതാവ് എന്നതിലുപരി, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, നർത്തകൻ എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

ഇപ്പോൾ രജിനികാന്തും കമൽ ഹാസനും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ. കമൽ ഹാസൻ ഒരു കുട്ടിയെ പോലെയാണെന്നും അദ്ദേഹത്തിന് സിനിമ മിട്ടായി പോലെയാണെന്നും ശ്രുതി ഹാസൻ പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘അപ്പ ഒരു കുട്ടിയെ പോലെയാണ്. കളിപ്പാട്ടമോ മിട്ടായിയോ വാങ്ങാൻ കൊണ്ടുപോകുന്ന ഒരു കുട്ടിയുടെ എനർജിയാണ് അപ്പയ്ക്ക്. അദ്ദേഹത്തിന്റെ മിട്ടായി കട സിനിമയാണ്. ഇപ്പോഴും ആ ഒരു മൊമെന്റിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണദ്ദേഹം.

അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ ആത്മീയത ഉള്ളയാളാണ്. എന്നാൽ അപ്പ അത് പറയില്ല. അദ്ദേഹത്തിന്റെ മെഡിറ്റേഷൻ എന്ന് പറയുന്നതേ സിനിമ ചെയ്യുന്നതാണ്. തിരക്കഥ എഴുതുന്നതോ സെറ്റിലേക്ക് പോകുന്നതോ അഭിനയിക്കുന്നതോ ഒക്കെ അദ്ദേഹത്തിന് സമാധാനം കൊടുക്കുന്ന കാര്യങ്ങളാണ്,’ ശ്രുതി ഹാസൻ പറയുന്നു.

രജിനികാന്തിന് വേറെ രീതിയിലുള്ള എനർജി ആണെന്നും അസാധ്യ സെൻസ് ഓഫ് ഹ്യൂമർ ഉണ്ടെന്നും ശ്രുതി പറഞ്ഞു. കുറച്ചുകൂടി സട്ടിൽ ആയ രീതിയിലാണ് അദ്ദേഹത്തിന്റെ എനർജിയെന്നും എന്നാൽ അത് നല്ല മൂർച്ചയുള്ളതായിരിക്കുമെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

‘രജിനി സാറിന് വേറെ രീതിയിലുള്ള എനർജിയാണ്. രണ്ടുപേർക്കും അസാധാരണമായ സെൻസ് ഓഫ് ഹ്യൂമർ ഉണ്ട്. രജിനി സാർ അങ്ങനെ എല്ലാം പ്രകടിപ്പിക്കണം എന്നില്ല. കുറച്ചുകൂടി മയപ്പെടുത്തിയാണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. പക്ഷേ അത് കുറേകൂടി മൂർച്ചയുള്ളതായിരിക്കും.

സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ എനർജി നമുക്ക് നന്നായി മനസിലാകും. എന്നാൽ റിയൽ ലൈഫിൽ അത് കുറച്ചുകൂടി അടക്കിപ്പിടിച്ച രീതിയിലാണ്. എന്നാൽ അപ്പയുടെ എനർജി ചുറ്റും കൂടിനിന്ന എല്ലാവരിലേക്കും എത്തും,’ ശ്രുതി ഹാസൻ പറഞ്ഞു.

Content Highlight: Shruti Haasan talks about the differences between Rajinikanth and Kamal Haasan

We use cookies to give you the best possible experience. Learn more