| Saturday, 21st March 2026, 11:00 pm

ദേ സോംബി പോകുന്നു എന്നായിരുന്നു ദുല്‍ഖര്‍ എന്നെക്കാണുമ്പോള്‍ പറയാറുള്ളത്, അതിനൊരു കാരണമുണ്ട്: ശ്രുതി ഹാസന്‍

അമര്‍നാഥ് എം.

ഗായികയായും നായികയായും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് ശ്രുതി ഹാസന്‍. ചെറിയ പ്രായത്തില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ശ്രുതി ധനുഷ് നായകനായ ത്രീയിലൂടെയാണ് നായികയായി അരങ്ങേറിയത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ കൂലിയില്‍ മികച്ച വേഷം കൈകാര്യം ചെയ്ത ശ്രുതിയുടെ ഈ വര്‍ഷത്തെ ലൈനപ്പും പ്രതീക്ഷ നല്‍കുന്നതാണ്. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ട്രെയിന്‍, തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര എന്നിവയാണ് താരത്തിന്റെ അപ്കമിങ് പ്രൊജക്ടുകള്‍. ദുല്‍ഖര്‍ സല്‍മാനാണ് ആകാസം ലോ ഒക്ക താരയിലെ നായകന്‍.

ആദ്യമായി ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസന്‍. വളരെ ലവ്‌ലിയായിട്ടുള്ള വ്യക്തിയാണ് ദുല്‍ഖറെന്ന് ശ്രുതി ഹാസന്‍ പറഞ്ഞു. സെറ്റില്‍ എപ്പോഴും തങ്ങള്‍ നല്ല വൈബായിരുന്നെന്നും സ്‌കൂള്‍ കാലം മുതല്‍ക്ക് തമ്മില്‍ പരിചയമുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മാഷബിള്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.

‘ചെന്നൈയിലായിരുന്നു ഞങ്ങളുടെ സ്‌കൂള്‍ കാലഘട്ടം. ദുല്‍ഖര്‍ ശിഷ്യയിലും ഞാന്‍ അബാക്കസിലും. ചെന്നൈയിലെ പേരുകേട്ട ഐ.സി.എസ്.ഇ സ്‌കൂളുകളായിരുന്നു അത്. ആ സമയത്ത് ഞങ്ങള്‍ ഇടക്കൊക്കെ കാണുമായിരുന്നു. എന്നെ ആ സമയത്ത് സോംബി എന്നായിരുന്നു ദുല്‍ഖര്‍ വിളിച്ചിരുന്നത്. എപ്പോ കണ്ടാലും ആ പേര് മാത്രമേ അവന്റെ വായില്‍ നിന്ന് വരുള്ളൂ.

ക്രാന്‍ബറീസിന്റെ സോംബി എന്ന പാട്ടായിരുന്നു ഞാന്‍ പല പരിപാടികള്‍ക്കും പാടിയിരുന്നത്. ആ പാട്ടിന്റെ പേരിലാണ് അവര്‍ എന്നെ വിളിച്ചത്. എവിടെ വെച്ച് കണ്ടാലും ‘ദേ സോംബി പോകുന്നു’ എന്നായിരുന്നു അവരെല്ലാം പറഞ്ഞിരുന്നത്. കാരണം എന്റെ യഥാര്‍ത്ഥ പേര് അവര്‍ക്കറിയില്ലായിരുന്നു. കമല്‍ ഹാസന്റെ മകളാണ് ഞാനെന്ന് അറിയുന്നതിന് മുമ്പ് അവര്‍ക്ക് ഞാന്‍ സോംബിയായിരുന്നു,’ ശ്രുതി ഹാസന്‍ പറഞ്ഞു.

നവാഗതനായ പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാസം ലോ ഒക്ക താര. 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. സവിത വീരവല്ലിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഈ വര്‍ഷം സമ്മറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Shruti Haasan shares the memories about Dulquer Salmaan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more