ഇന്ത്യൻ സിനിമാ ഇതിഹാസം കമൽ ഹാസന്റെയും മുൻ അഭിനേത്രിയായ സരിതയുടെയും മകളും അഭിനേത്രിയും ഗായികയുമായ ശ്രുതി ഹാസൻ ഇന്ന് ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ്.
താരപുത്രി എന്ന ലേബലിൽ ഒതുങ്ങാതെ സ്വന്തം കഴിവും പരിശ്രമവും കൊണ്ട് തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുത്ത ശ്രുതി, തന്റെ വ്യക്തിജീവിതത്തിലെ ചില അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
ശ്രുതി ഹാസൻ, കമൽ ഹാസൻ, Photo: X.com
അച്ഛനും അമ്മയും വേർപിരിഞ്ഞ സമയത്ത് അനുഭവിച്ച വിഷമങ്ങളാണ് ജീവിതം എന്താണെന്ന് പഠിപ്പിച്ചുതന്നതെന്ന് ശ്രുതി ഹാസൻ പറഞ്ഞു. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും തന്നെയാണ് തന്നെ കൂടുതൽ ശക്തയാക്കിയതെന്നും താരം വ്യക്തമാക്കി.
‘അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ രജനികാന്ത് അങ്കിളിന്റെ സിനിമ (കൂലി)യിൽ അഭിനയിച്ചത് മഹാഭാഗ്യമായി കരുതുന്നു. അത് വളരെ എക്സൈറ്റിങ്ങായ അനുഭവമായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞ വേളയിൽ അനുഭവിച്ച വിഷമങ്ങളാണ് എനിക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചുതന്നത്,’ ശ്രുതി ഹാസൻ പറഞ്ഞു.
തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഇപ്പോൾ മുംബൈയിൽ സ്വന്തമായി ഫ്ലാറ്റിൽ താമസിക്കുകയാണെങ്കിലും ഒരുകാലത്ത് അമ്മയ്ക്കൊപ്പം വാടകവീട്ടിൽ കഴിഞ്ഞിരുന്ന ദിവസങ്ങൾ ഇന്നും മറക്കാൻ കഴിയില്ലെന്നാണ് ശ്രുതി പറയുന്നത്.
ആ സമയത്ത് പൊതുഗതാഗത സംവിധാനങ്ങളിലൂടെയായിരുന്നു യാത്രകൾ നടത്തിയിരുന്നത്. ആ അനുഭവങ്ങൾ ജീവിതത്തെ കൂടുതൽ അടുത്തറിയാൻ സഹായിച്ചുവെന്നും താരം വ്യക്തമാക്കി.
‘ഇപ്പോൾ മുംബൈയിൽ സ്വന്തം ഫ്ളാറ്റിലാണ് ഞാൻ ജീവിക്കുന്നത്. അമ്മയ്ക്കൊപ്പം വാടകവീട്ടിൽ കഴിയുമ്പോൾ പബ്ലിക് ട്രാൻസ്പോർട്ടിൽ പോയിട്ടുവന്ന ഭൂതകാലം മറക്കാനാവില്ല,’ ശ്രുതി പറഞ്ഞു.
സരിക, ശ്രുതി ഹാസൻ, Photo: YouTube/Screengrab
വിശ്വാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ശ്രുതി ഹാസൻ പങ്കുവെച്ചു. ‘അച്ഛനെപ്പോലെ എനിക്കും ദൈവവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നമ്മൾ വിചാരിച്ചതിന് വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ എല്ലാം നമ്മുടെ നന്മയ്ക്കായി നടന്നതാണ് എന്ന് പിൽക്കാലത്ത് മനസിലായപ്പോൾ ദൈവവിശ്വാസം താനേ ഉണ്ടായി,’ എന്ന് താരം പറഞ്ഞു.
ജീവിതാനുഭവങ്ങളാണ് മനുഷ്യനെ ഏറ്റവും കൂടുതൽ പഠിപ്പിക്കുന്നതെന്നും ശ്രുതി അഭിപ്രായപ്പെട്ടു. ‘അറിവും വിദ്യാഭ്യാസവും തമ്മിൽ ബന്ധമില്ല എന്ന് അച്ഛനെക്കണ്ട് മനസിലാക്കിയിരുന്നുവെങ്കിലും എന്റെ അനുഭവത്തിലൂടെയും ഞാനത് പൂർണമായി മനസിലാക്കി,’ എന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ സിനിമാ വിശേഷങ്ങളുമായി തിരക്കിലായിരിക്കുന്ന ശ്രുതി ഹാസന്റെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ മറികടന്ന് മുന്നേറിയ അനുഭവങ്ങളാണ് ഇന്ന് തന്നെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.
Content Highlight: Shruti Haasan says she realized what life was all about when her parents separated.