| Sunday, 22nd March 2026, 8:48 am

കൂലി മെയില്‍ ഓറിയന്റഡ് സിനിമയാണെന്ന് നിങ്ങള്‍ പറയുമോ, എന്തുകൊണ്ടാണ് പിന്നെ ഫീമെയില്‍ ഓറിയന്റഡ് എന്ന് വിളിക്കുന്നത്: ശ്രുതി ഹാസന്‍

ഐറിന്‍ മരിയ ആന്റണി

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ഹാസന്‍. ഹേ റാമിലൂടെയാണ് ശ്രുതി ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലൂടെ അരങ്ങേറിയ താരം ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയാണ് നായികാവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ശ്രുതി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതി ഹാസന്‍ ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്. 3, വാരണം ആയിരം എന്നീ സിനിമകളില്‍ ശ്രുതി പാടിയിട്ടുണ്ട്. ഇപ്പോഴിതാ മാഷബിള്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഫീമെയില്‍ ഓറിയന്റഡ് സിനിമകള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ശ്രുതി ഹാസന്‍ പറയുന്നു.

‘എനിക്ക് ഫീമെയില്‍ ഓറിയന്റഡ് സിനിമകള്‍ ചെയ്യണ്ട. എന്താണ് നിങ്ങള്‍ ഫീമെയില്‍ ഓറിയന്റഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നും. നിങ്ങള്‍ കൂലി എന്ന സിനിമ ഒരു പുരുഷ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമോ.

അതുപോലെ സലാര്‍ ഒരു അടിപൊളി മെയില്‍ ഓറിയന്റഡ് സിനിമയാണ്, അങ്ങനെ നിങ്ങള്‍ പറയുമോ. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ ഫീമെയില്‍ ഓറിയന്റഡ് എന്ന് എടുത്ത് പറയുന്നത്. പിന്നെ, എല്ലാവരും പറയുന്നുണ്ട് സലാര്‍ 2ഉണ്ടാകും എന്നൊക്കെ എനിക്ക് അതിനെ പറ്റി അറിയില്ല. സലാര്‍ 2വിനായി അവര്‍ എന്നെ വിളിച്ചാല്‍ ഞാന്‍ എന്തായാലും പോകും,’ ശ്രുതി പറയുന്നു.

താന്‍ ഒരു ഹിന്ദി സീരിസിന്റെ ഭാഗമാകുന്നുണ്ടെന്നും വഴിയേ അതിന്റെ അനൗണ്‍സമെന്റ് വരുമെന്നും ശ്രുതി ഹാസന്‍ പറയുന്നു. ചെയ്യുന്ന വര്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

കൂലിയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചത്. രജിനികാന്ത് നായകവേഷത്തിലെത്തിയ സിനിമയില്‍ നാഗാര്‍ജുന അക്കിനേനി, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, സത്യരാജ്, രചിത റാം എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ട്രെയിന്‍, തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര എന്നിവയാണ് ശ്രുതിയുടേതായി വരാനിരിക്കുന്ന മറ്റ് പ്രൊജക്ടുകള്‍.

Content Highlight: Shruti Haasan says she doesn’t know what female-oriented films mean

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more