കമല്‍ ഹാസന്‍ സംവിധാനം ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. കമല്‍ സംവിധാനം പല സിനിമകളും കാലങ്ങള്‍ക്കപ്പുറം ചര്‍ച്ചയാകുന്നവയാണെന്ന് ശ്രുതി പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.
‘അച്ഛന്‍ സംവിധാനം ചെയ്ത ഹേ റാം അടുത്തിടെ തിയേറ്ററില്‍ നിന്ന് കണ്ടു. ഓരോ ഫ്രെയിമും അദ്ദേഹം ഒരുക്കിവെച്ച രീതി അഭിനന്ദനാര്‍ഹമാണ്. ഈയടുത്ത് ആ സിനിമ റീ റിലീസ് ചെയ്തിരുന്നു. ക്യൂബ് തിയേറ്ററില്‍ ആ സിനിമ കണ്ടപ്പോഴുള്ള എക്‌സ്പീരിയന്‍സ് പറയാന്‍ വാക്കുകളില്ല. അത്രമാത്രം അത്ഭുതമായിരുന്നു എനിക്ക് ആ സമയത്ത്.
ഇന്ന് പലരും ആ സിനിമയെ വാനോളം പ്രശംസിക്കുന്നുണ്ട്. ‘കമല്‍ സാര്‍, നിങ്ങള്‍ എങ്ങനെയാണ് ഈ സിനിമ ഇത്രയും ഗംഭീരമായി ചെയ്തത്’ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ അന്ന് റിലീസായപ്പോള്‍ ആരും ആ സിനിമയെ പ്രശംസിച്ചിട്ടില്ലായിരുന്നു. ഇത്രയും സ്വീകാര്യത അന്ന് ലഭിച്ചില്ല,’ ശ്രുതി ഹാസന്‍ പറയുന്നു.
കമല്‍ ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹേ റാം. ഇന്ത്യാ- പാകിസ്ഥാന്‍ വിഭജനവും ഗാന്ധി വധവും പ്രധാന പ്രമേയമായി ഒരുക്കിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടിരുന്നു. കമല്‍ ഹാസനൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, വസുന്ധര ദാസ്, അബ്ബാസ് തുടങ്ങി വന്‍ താരനിരയായിരുന്നു ഹേ റാമില്‍ അണിനിരന്നത്. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസാണ് ഹേ റാം നിര്‍മിച്ചത്. 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഹേ റാം റീ റിലീസ് ചെയ്തത്.
അതേസമയം അഭിനേത്രി എന്ന നിലയില്‍ ഈ വര്‍ഷം കൂലിയില്‍ ശ്രുതി ഹാസന്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഗായികയായും ശ്രുതി തന്റെ സാന്നിധ്യമറിയിച്ച വര്‍ഷം കൂടിയാണ് 2025. തഗ് ലൈഫിലെ ‘വിന്‍വെളി നായകാ’, വാരണാസിയിലെ ‘ഗ്ലോബ്‌ട്രോട്ടര്‍’ എന്നീ ഗാനങ്ങള്‍ ചാര്‍ട്ട്ബസ്റ്ററായി മാറി. 2025 തന്നെ സംബന്ധിച്ച് നല്ല വര്‍ഷമായിരുന്നെന്നും ശ്രുതി പറയുന്നു.
Content Highlight: Shruti Haasan about the failure and acceptance of Hey Ram movie