| Saturday, 26th July 2025, 10:55 pm

തമിഴില്‍ തുടക്കകാലത്ത് ആ ഒരു കാര്യത്തിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു: ശ്രുതി ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്റെ മകളെന്ന നിലയില്‍ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ശ്രുതി ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ശ്രുതി ഹാസന്‍ തെലുങ്കിലൂടെയാണ് നായികയായി അരങ്ങേറിയത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. ഗായിക എന്ന നിലയിലും ശ്രുതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തമിഴില്‍ തുടക്കകാലത്ത് താന്‍ നേരിട്ട ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസന്‍. തന്റെ ശബ്ദം ഒരുപാട് ഡീപ്പാണെന്നും ഇക്കാരണംകൊണ്ട്തമിഴിലെ തന്റെ ഡബ്ബിങ്ങിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വന്നെന്നും ശ്രുതി പറഞ്ഞു. തമിഴ് പ്രേക്ഷകര്‍ക്ക് അത്തരം ശബ്ദം കേട്ട് ശീലമില്ലായിരുന്നെന്നും അതിനാലാണ് ട്രോളുകള്‍ വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

തെലുങ്കില്‍ ഇതുപോലെ പ്രശ്‌നമുണ്ടായെന്നും തുടക്കത്തില്‍ മറ്റൊരാളായിരുന്നു തനിക്ക് വേണ്ടി ഡബ്ബ് ചെയ്തതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഹിന്ദിയിലെത്തിയപ്പോള്‍ തന്റെ ശബ്ദം ആര്‍ക്കും പ്രശ്‌നമായി തോന്നിയില്ലെന്നും അത് സന്തോഷം നല്‍കിയെന്നും താരം പറഞ്ഞു. കൂലിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രേമ ദി ജേര്‍ണലിസ്റ്റിനോട് സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.

‘എന്റെ ശബ്ദം മറ്റുള്ളവരെപ്പോലെയല്ല. കുറച്ച് ഡീപ്പായിട്ടുള്ളതാണ്. അതുകൊണ്ട് തമിഴില്‍ സിനിമ ചെയ്തുതുടങ്ങിയ കാലത്ത് ശബ്ദത്തിന്റെ പേരില്‍ ഒത്തിരി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കാരണം, തമിഴിലെ ഓഡിയന്‍സിന് ഇങ്ങനെയുള്ള ശബ്ദം കേട്ട് പരിചയമില്ല. അതുകൊണ്ട് അവര്‍ക്ക് എന്റെ ശബ്ദം ഫെമിലിയറാകാന്‍ ഒരുപാട് സമയമെടുത്തു.

തെലുങ്കിലെ സ്ഥിതി കുറച്ച് വ്യത്യസ്തമായിരുന്നു. ആദ്യം എന്റെ വോയിസ് ടെസ്റ്റ് ചെയ്തു. എന്നാല്‍ അതില്‍ അവര്‍ക്ക് തൃപ്തി തോന്നാത്തതിനാല്‍ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയായിരുന്നു. അതില്‍ മാറ്റം വരുത്തിയത് സംവിധായകന്‍ നാഗ് അശ്വിനായിരുന്നു. പിട്ട കഥലു എന്ന ആന്തോളജിയിലെ ഒരു എപ്പിസോഡ് എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു അത്.

ഹിന്ദിയില്‍ എന്റെ ശബ്ദത്തിന് ഒരു പ്രശ്‌നവും കണ്ടിട്ടില്ല. എല്ലാ സിനിമകള്‍ക്കും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഹിന്ദിയിലെ മറ്റ് നടിമാരായ റാണി മുഖര്‍ജി, സുസ്മിത സെന്‍ എന്നിവരുടെ ശബ്ദവും എന്റേതു പോലെയാണ്. ഇനി വരാന്‍ പോകുന്ന കൂലി സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് വേര്‍ഷനില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്,’ ശ്രുതി ഹാസന്‍ പറയുന്നു.

Content Highlight: Shruthi Haasan saying she got trolled for voice in Tamil cinema

We use cookies to give you the best possible experience. Learn more