കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ ശബരിമലയിലേക്ക് തീവ്രവാദ ആക്രമണം നടക്കുന്ന കഥാപശ്ചാത്തലം കൊണ്ട് റിലീസിന് മുമ്പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമായിരുന്നു വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത ശ്രീ അയ്യപ്പന്‍. സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണ് സംവിധായകന്റെത് എന്നായിരുന്നു ആരോപണം. എന്നാല്‍ റിലീസിന് ശേഷം തിയേറ്ററുകളില്‍ ആരും ചിത്രം കാണാനെത്താഞ്ഞതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു. ഇപ്പോഴിതാ മനോരമ മാക്‌സിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിലെ ഡയലോഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ബാബ കല്ല്യാണി. Photo: IMDB
2006 ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാബ കല്ല്യാണിയിലെ സംഭാഷണങ്ങള്‍ വള്ളി പുള്ളി തെറ്റാതെ അതേപടി ശ്രീ അയ്യപ്പനിലും ആവര്‍ത്തിച്ചതാണ് ചിത്രത്തിനെതിരെ ട്രോളുകള്‍ ഉയരാന്‍ കാരണമാകുന്നത്. ബാബ കല്ല്യാണിയില്‍ മോഹന്‍ലാലിന്റെ പൊലീസ് കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ശ്രീ അയ്യപ്പനില്‍ റിയാസ് ഖാനാണ് ആവര്‍ത്തിക്കുന്നത്.
അവന്റെ ജോലി ഒരു പാലത്തില്‍ അവസാനിച്ചു എന്ന് മോഹന്‍ലാല്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് പറയുന്ന ഡയലോഗ് പാലത്തിന് പകരം വിഴിഞ്ഞം തുറമുഖം എന്ന് മാത്രം മാറ്റിയാണ് ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും രണ്ടാമത്തെ ഡയലോഗ് കാണുമ്പോഴാണ് സംവിധായകന്‍ ഈച്ചകോപ്പിയടിയാണ് നടത്തിയിരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്.
ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് ഡേയില്‍ കേരളത്തില്‍ ഇടവിട്ട് സ്‌ഫോടനങ്ങളുടെ പരമ്പര തന്നെ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് ബാബകല്ല്യാണി തന്റെ മേലുദ്യോഗസ്ഥനോട് പറയുന്നുണ്ട്. കലണ്ടറില്‍ ഡേറ്റ് മാര്‍ക്ക് ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ ഡയലോഗ് പറയുന്നത്. ഇതേ വാക്കുകള്‍ ഉപയോഗിക്കുക മാത്രമല്ല ചുവരിലിരിക്കുന്ന കലണ്ടറില്‍ ഡേറ്റ് മാര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തിയും റിയാസ് ഖാന്‍ അനുകരിക്കുന്നുണ്ട്.
ശ്രീ അയ്യപ്പന്‍ സിനിമയില്‍. Photo: screen grab/ MC MUSIC/ youtube.com
അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കെ മറ്റൊരു അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറണമെന്ന് പറയുന്ന മേലുദ്യോഗസ്ഥനോട് ക്ഷുഭിതനായി സംസാരിക്കുന്ന മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ഡയലോഗിനെയും സംവിധായകന്‍ വിഷ്ണു വെഞ്ഞാറമൂട് വെറുതെ വിട്ടിട്ടില്ല. ഓഫീസില്‍ നിന്നും പറയുന്നതിന് പകരം ഫോണില്‍ വിളിച്ച് പറയുന്നതാക്കി മാറ്റാനുള്ള മര്യാദ സംവിധായകന്‍ കാണിച്ചിട്ടുണ്ട്. ബാബ കല്ല്യാണിയിലെ ഡയലോഗുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നും ഇനി ഏതെല്ലാം സിനിമയിലേത് കോപ്പിയടിച്ചിട്ടുണ്ടെന്ന് വഴിയേ അറിയാമെന്നും കമന്റുകളുണ്ട്.
Content Highlight: Shri ayappan movie contains the same dialogue from Baba Kalyani movie released in 2006
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ