ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എല്‍.എസ്.ജിയുടെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് അടിച്ചെടുത്തത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറുകളും അഞ്ച് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
ഇതോടെ ഐ.പി.എല്ലില്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന മത്സരങ്ങളില്‍ പുറത്താവാതെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായും അയ്യര്‍ മാറി. ഈ നേട്ടത്തിലുണ്ടായിരുന്ന ഏക ക്യാപ്റ്റന്‍ മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ വിരാട് കോഹ്ലിയായിരുന്നു.
2016 സീസണില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ പുറത്താവാതെ 108 റണ്‍സായിരുന്നു വിരാട് നേടിയിരുന്നത്. ഇപ്പോള്‍ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ക്യാപ്റ്റനും ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
മത്സരത്തില്‍ ശ്രേയസിന് പുറമെ പ്രഭ്സിമ്രാന്‍ സിങ്ങിന്റെ അര്‍ദ്ധ സെഞ്ച്വറിയും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. 39 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 69 റണ്‍സ് ആണ് പ്രഭ്സിമ്രാന്‍ സ്വന്തമാക്കിയത്.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.
Content Highlight: Shreys Iyer create a huge record in ipl