| Monday, 13th January 2025, 8:16 pm

സഞ്ജുവിന്റെ രാജസ്ഥാന് ആറ്, അയ്യരിന്റെ വരവോടെ പഞ്ചാബിന് 17!! ഇനിയിവന്‍ സ്മിത്തിന്റെ ഐ.പി.എല്‍ റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരുടെ കണക്കുകൂട്ടലുകള്‍ ഒന്നുപോലും തെറ്റിക്കാതെ പഞ്ചാബ് കിങ്‌സ് ഐ.പി.എല്‍ 2025നുള്ള തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ശ്രേയസ് അയ്യരാണ് പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുന്നത്.

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് മൂന്നാം ടീമിനെയാണ് ശ്രേയസ് അയ്യര്‍ നയിക്കുന്നത്. രണ്ട് വിവിധ ടീമുകളെ ഐ.പി.എല്ലിന്റെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ അയ്യരിനെ സംബന്ധിച്ച് പുതിയ വെല്ലുവിളികളാണ് മൊഹാലി സ്റ്റേഡിയത്തില്‍ കാത്തിരിക്കുന്നത്.

പഞ്ചാബ് കിങ്‌സിന്റെ 17ാം ക്യാപ്റ്റനായാണ് ശ്രേയസ് അയ്യര്‍ ചുമതലയേറ്റിരിക്കുന്നത്. ഇതോടെ ഏറ്റവുമധികം ക്യാപ്റ്റന്‍മാരാല്‍ നയിക്കപ്പെട്ട ടീം എന്ന തങ്ങളുടെ നേട്ടം പഞ്ചാബ് കിങ്‌സ് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

13 ക്യാപ്റ്റന്‍മാരുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) ആണ് രണ്ടാമത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരുണ്ടായ ടീം

(ടീം – ക്യാപ്റ്റന്‍മാരുടെ എണ്ണം എന്നീ ക്രമത്തില്‍)

പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 17*

ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയഡെവിള്‍സ്) – 12

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 10

മുംബൈ ഇന്ത്യന്‍സ് – 9

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 7

രാജസ്ഥാന്‍ റോയല്‍സ് – 6

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4

ഗുജറാത്ത് ടൈറ്റന്‍സ് – 3

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 3

പഞ്ചാബിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതോടെ മറ്റൊരു റെക്കോഡും അയ്യരിനെ തേടിയെത്തി. ഐ.പി.എല്ലില്‍ ഏറ്റവുമധികം ടീമുകളുടെ ക്യാപ്റ്റനാകുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലാണ് അയ്യരും ഭാഗമായത്. ഇത് മൂന്നാം ടീമിനെയാണ് താരം നയിക്കുന്നത്.

ഇതിഹാസ താരങ്ങളായ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഈ ലിസ്റ്റില്‍ ശ്രേയസ് അയ്യരിനൊപ്പം ഒന്നാമതുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ടീമുകളുടെ ക്യാപ്റ്റന്‍സിയേറ്റെടുത്ത താരങ്ങള്‍

(താരം – ടീമുകള്‍ എന്നീ ക്രമത്തില്‍)

ശ്രേയസ് അയ്യര്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്*

കുമാര്‍ സംഗക്കാര – ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

സ്റ്റീവ് സ്മിത് – പൂനെ വാറിയേഴ്‌സ് ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്.

മഹേല ജയവര്‍ധനെ – ദല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് കേരള.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ച ശ്രേയസ് മാജിക് ഇത്തവണ പഞ്ചാബിനൊപ്പവും സംഭവിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ ഐ.പി.എല്ലിലുണ്ടായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ ടീം എന്ന അപഖ്യാതിയും അയ്യരിന് കീഴില്‍ പഞ്ചാബ് മറികടക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

CONTENT HIGHLIGHT: Shreyas Iyer with unique records after taking the captaincy of Punjab Kings

We use cookies to give you the best possible experience. Learn more