| Saturday, 6th September 2025, 3:33 pm

ഏഷ്യാ കപ്പില്‍ പുറത്താക്കിയ ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍, സഞ്ജുവില്ല; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ എ-യ്‌ക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കി 17* അംഗ സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ധ്രുവ് ജുറെലാണ് പരമ്പരയില്‍ ശ്രേയസിന്റെ ഡെപ്യൂട്ടിയും സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പറും.

ഓസ്‌ട്രേലിയ എ-ടീമിനെതിരായ രണ്ട് മള്‍ട്ടി ഡേ മാച്ചിനുള്ള സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 16നാണ് ഓസ്‌ട്രേലിയ എ ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ ആദ്യ മത്സരവും സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ രണ്ടാം മത്സരവും അരങ്ങേറും. ലഖ്‌നൗവാണ് രണ്ട് പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത്.

ഇന്ത്യ എ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷ് ദുബെ, ആയുഷ് ബദോണി, നിതീഷ് കുമാര്‍ റെഡ്ഡി, തനുഷ് കോട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്, മാനവ് സുതര്‍, യാഷ് താക്കൂര്‍, കെ.എല്‍. രാഹുല്‍*, മുഹമ്മദ് സിറാജ്*

*കെ.എല്‍. രാഹുലും മുഹമ്മദ് സിറാജും രണ്ടാം മള്‍ട്ടി ഡേ മാച്ചിലാണ് സ്‌ക്വാഡിനൊപ്പം ചേരുക. ആദ്യ മത്സരത്തിലെ രണ്ട് താരങ്ങളെ റീപ്ലേസ് ചെയ്തുകൊണ്ടാകും ഇരുവരും സ്‌ക്വാഡിന്റെ ഭാഗമാവുക.

നേരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരിനെ പുറത്താക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്. ഐ.പി.എല്ലില്‍ കാഴ്ചവെച്ച മികച്ച പ്രകടനവും ക്യാപ്റ്റന്റെ റോളില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ചതും തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ബി.സി.സി.ഐയും സെലക്ടര്‍മാരും താരത്തെ തഴഞ്ഞത്.

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ശ്രേയസ് അയ്യരിന് ഇടം നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെയോ ശ്രേയസ് അയ്യരിന്റെയോ കുറ്റമല്ല എന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍കര്‍ പറഞ്ഞത്.

‘ശ്രേയസ് അയ്യരുടെ കാര്യമെടുക്കുകയാണെങ്കില്‍, നിങ്ങള്‍ പറയണം ആരെയാണ് റീപ്ലേസ് ചെയ്യാന്‍ സാധിക്കുകയെന്ന്. ഇതൊരിക്കലും അവന്റെ തെറ്റല്ല. ഞങ്ങളുടേതുമല്ല. നിലവില്‍ 15 താരങ്ങളെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും മനസിലാക്കണം. ശ്രേയസ് അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ എന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത് യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Shreyas Iyer to captain, BCCI announced India A squad for 2 multi day match against Australia A

We use cookies to give you the best possible experience. Learn more