ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (ജൂലൈ 23) നടക്കും. ഹരാരെ സ്പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. ഇതൊരു വെല്ലുവിളി നിറഞ്ഞ ഘട്ടമാണെന്നും ഈ ഘട്ടം നിങ്ങള്‍ എത്ര വേഗത്തില്‍ മറികടക്കുന്നുവോ അത്രയും മികച്ചതായിരിക്കുമെന്നും അയ്യര്‍ പറഞ്ഞു.
‘കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. എന്നിരുന്നാലും അത് ടീമിനെ പരസ്പരം കൂടുതല്‍ ഒന്നിപ്പിച്ചു. ഒരു യൂണിറ്റായി എങ്ങനെ കളിക്കും എന്നതിനെക്കുറിച്ച് ഞങ്ങള്‍ ധാരാളം ചര്‍ച്ചകള്‍ നടത്തിവരികയാണ്, പ്രത്യേകിച്ച് സിംബാബ്‌വേയ്ക്കെതിരെ.
ഇത് ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടമാണ്, ഈ ഘട്ടം നിങ്ങള്‍ എത്ര വേഗത്തില്‍ മറികടക്കുന്നുവോ അത്രയും മികച്ചതായിരിക്കും, ഒടുവില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും.
ഇന്നലെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇന്ന് പരിശീലനമുണ്ട്, നാളെ വീണ്ടും മത്സരവും. അതുകൊണ്ട് ഇത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതേസമയം ആസ്വദിക്കാവുന്നതുമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നും. അതോടൊപ്പം, ആ പ്രകടനത്തിന് അര്‍ഹമായ പ്രശംസയും ലഭിക്കും,’ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്വേയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.
അതേ സമയം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയിട്ടും മികവ് തെളിയിക്കാന്‍ സാധിക്കാത്ത യുവ താരം വൈഭവ് സൂര്യവംശി സിംബാബ്‌വേയ്ക്കെതിരെ മിന്നും പ്രകടനവുമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Shreyas Iyer Talking About Zimbabwe Series And Indian Team