| Tuesday, 11th March 2025, 4:02 pm

ഐ.പി.എല്ലിന് ശേഷം ഞാന്‍ ആഗ്രഹിച്ച അംഗീകാരം എനിക്ക് ലഭിച്ചില്ല; തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സ് നേടിയ താരമായാണ് ശ്രേയസ് അയ്യര്‍ സീസണ്‍ അവസാനിപ്പിച്ചത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 243 റണ്‍സ് നേടിയ അയ്യര്‍ക്ക് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും സാധിച്ചു. ന്യൂസിലാന്‍ഡിനെതിരെ ഫൈനലില്‍ 48 റണ്‍സ് നേടി നിര്‍ണായകമായ പ്രകടനമാണ് അയ്യര്‍ കാഴ്ചവെച്ചത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ അച്ചടക്ക നടപടികളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള കേന്ദ്ര കരാര്‍ താരത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കിരീടം നേടിക്കൊടുക്കാനും ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ചും അയ്യര്‍ക്ക് വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

എന്നാല്‍ കെ.കെ.ആറിന് വേണ്ടി കിരീടം നേടിക്കൊടുത്തെങ്കിലും അയ്യരെ 2025 ഐ.പി.എല്‍ ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം സംസാരിച്ച അയ്യര്‍ ഐ.പി.എല്ലിന് ശേഷം താന്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് പറയുകയാണ്.

‘ഐ.പി.എല്‍ നേടിയതിനുശേഷം ഞാന്‍ ആഗ്രഹിച്ച അംഗീകാരം എനിക്ക് ലഭിച്ചില്ലെന്ന് എനിക്ക് വ്യക്തിപരമായി തോന്നി. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍, അതിനാണ് കൂടുതല്‍ പ്രധാന്യം, അതാണ് ഞാന്‍ തുടര്‍ന്നും ചെയ്യുന്നത്. കേന്ദ്ര കരാറില്‍ നിന്ന് പുറത്തായപ്പോള്‍ ഐ.പി.എല്‍ കളിച്ചതുകൊണ്ട് നിരാശ ഇല്ലായിരുന്നു. ഐ.പി.എല്‍ നേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം, നന്ദിപൂര്‍വ്വം ഞാന്‍ അത് നേടി,’ ശ്രേയസ് പറഞ്ഞു.

Content Highlight: Shreyas Iyer Talking About Struggling Situation After Champions Trophy

We use cookies to give you the best possible experience. Learn more