ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇതുപോലൊരു തോല്‍വി സഹിക്കാന്‍ പ്രയാസമാണെന്നും മത്സരത്തില്‍ രണ്ടോ മൂന്നോ ക്യാച്ചുകള്‍ തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അയ്യര്‍ പറഞ്ഞു. മാത്രമല്ല ടി-20 മത്സരത്തില്‍ ക്യാച്ചുകള്‍ വിടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫീല്‍ഡിങ്ങിലെ അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്നും അയ്യര്‍ പറഞ്ഞു.
‘ഇതുപോലൊരു തോല്‍വി സഹിക്കാന്‍ പ്രയാസമാണ്. എസ്.ആര്‍.എച്ചിനെപ്പോലൊരു മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ വലിയ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ നമുക്ക് കഴിയില്ല. ഞങ്ങള്‍ രണ്ട്, മൂന്ന് ക്യാച്ചുകള്‍ കൈവിട്ടു, ടി-20 ക്രിക്കറ്റില്‍ അത് അംഗീകരിക്കാനാവില്ല.
ബൗളര്‍മാര്‍ കഠിനാധ്വാനം ചെയ്തു, പക്ഷേ ഞങ്ങള്‍ അവരെ ഫീല്‍ഡിങ്ങില്‍ പിന്തുണച്ചില്ല. അത്തരം അപാകതകള്‍ കാരണം ഞങ്ങള്‍ക്ക് കളി നഷ്ടമായി. തീര്‍ച്ചയായും, നമ്മള്‍ ഡ്രോയിങ് ബോര്‍ഡിലേക്ക് തിരികെ പോയി ഫീല്‍ഡിങ് ഉടന്‍ ശരിയാക്കേണ്ടതുണ്ട്,’ മത്സര ശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു.
അതേസമയം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
പഞ്ചാബിന് വേണ്ടി കൂപ്പര്‍ കനോലി 59 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയാണ് നേടിയത്. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Shreyas Iyer Talking About Defeat Against Sunrisers Hyderabad