| Friday, 2nd January 2026, 2:37 pm

ട്വിസ്റ്റ് ട്വിസ്റ്റ്; ശ്രേയസിന്റെ തിരിച്ചുവരവിന് വഴി തെളിയുന്നു; പുതിയ അപ്‌ഡേഷനിങ്ങനെ...

ഫസീഹ പി.സി.

ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് മുന്നോടിയായി രണ്ട് മാച്ച് – സിമുലേഷന്‍ സെഷനുകള്‍ക്ക് വിധേയമാവുമെന്ന് സ്‌പോര്‍ട്‌സ് തക് റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് ജനുവരി 2,5 തീയതികളിലാണ് മാച്ച് സിമുലേഷന്‍ സെഷനുകളില്‍ പങ്കെടുക്കുക. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ടി – 20 പരമ്പരകള്‍ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതിന് മുന്‍പുള്ള അവസാനഘട്ട പരിശോധനയാണിത് എന്നാണ് സൂചന.

ശ്രേയസ് അയ്യർ. Photo: BCCI/x.com

ഡിസംബര്‍ 25 ന് ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ശ്രേയസ് റിപ്പോര്‍ട്ട് ചെയ്‌തെന്നും അതിന് ശേഷം താരത്തിന്റെ ഫിറ്റ്‌നസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാറ്റിങ്ങും ഫീല്‍ഡിങ്ങും ഉള്‍പ്പെടുന്ന നാല് ഹൈ ഇന്റന്‍സിറ്റി സ്‌കില്‍ സെഷനുകള്‍ താരം ഈ സമയത്ത് പൂര്‍ത്തീകരിച്ചുവെന്നാണ് വിവരം.

കൂടാതെ, മാച്ച് സിമുലേഷന്‍ സെഷനുകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശ്രേയസിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ക്ലിയറന്‍സ് ലഭിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ അനുമതി ലഭിച്ചാല്‍ താരം ന്യൂസിലന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയിലൂടെ തിരിച്ച് വന്നേക്കുമെന്ന് ഈ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

എന്നാല്‍, ജനുവരി മൂന്നിന് ന്യൂസിലാന്‍ഡിന് എതിരെയുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ശ്രേയസ് ടീമില്‍ ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ സ്ഥിരീകരിക്കാനാവില്ല. ജനുവരി അഞ്ചിനാണ് ശ്രേയസിന്റെ രണ്ടാമത്തെ സിമുലേഷന്‍ മത്സരം നടക്കുക. അതാണ് താരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുന്നത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ഫീൽഡിൽ ഇരിക്കുന്ന ശ്രേയസ് അയ്യർ. Photo: Johns/x.com

2025 ഒക്ടോബറിലാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. ആ മാസം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. മൂന്നാം ഏകദിനത്തിൽ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു താരത്തിന് ഇടത് ഇടുപ്പെല്ലിന് പരിക്കേറ്റത്. പരിക്ക് കാരണം ശ്രേയസിന് സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പര നഷ്ടമായിരുന്നു.

നേരത്തെ, അയ്യര്‍ ന്യൂസിലാന്‍ഡിന് എതിരെ തിരിച്ചുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരിക്കിനും ശസ്ത്രക്രിയക്കും ശേഷം താരത്തിന്റെ ഭാരം അനിയന്ത്രിതമായി കുറയുന്നുവെന്നും താരത്തിന്റെ മടങ്ങി വരവ് വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, ജനുവരി 11 മുതലാണ് ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പര നടക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

Content Highlight: Shreyas Iyer set for simulation matches before New Zealand ODI Series

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more