| Tuesday, 12th May 2026, 10:44 am

ചരിത്രത്തില്‍ സഞ്ജുവിനൊപ്പം; അയ്യരാട്ടത്തില്‍ പിറന്നത് ഐതിഹാസിക നേട്ടം

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് വിക്കറ്റിനാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു വമ്പന്‍ നേട്ടമാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്.

അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്‌സ്. ഇതോടെ ഐ.പി.എല്ലില്‍ ടീം 200+ റണ്‍സ് സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായും അയ്യര്‍ മാറി. 13 തവണയാണ് അയ്യര്‍ ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

നിലവില്‍ ഈ നേട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് അയ്യര്‍. 12 തവണ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനെ മറികടന്നാണ് പഞ്ചാബ് നായകന്റെ കുതിപ്പ്. 21 തവണ 200+ ടോട്ടലുകളില്‍ 50 കടന്ന വിരാട് കോഹ്ലിയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം മത്സരത്തില്‍ പഞ്ചാബിനായി അയ്യര്‍ക്ക് പുറമെ പ്രിയാന്‍ഷ് ആര്യയും ഫിഫ്റ്റി നേടി തിളങ്ങി. 33 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ആര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൂപ്പര്‍ കനോലി 38 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 21 റണ്‍സും നേടി.

പ്രിയാൻഷ് ആര്യ. Photo: IndianPremierLeague/x.com

പഞ്ചാബിന്റെ ബൗളിങ് നിരയില്‍ അര്‍ഷദീപ് സിങ്, യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബെന്‍ ഡ്വാര്‍ഷുയിസ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ദല്‍ഹിക്കായി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 30 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 56 റണ്‍സാണ് അക്സര്‍ നേടിയത്. 28 പന്തില്‍ 51 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളുമാണ് മില്ലര്‍ നേടിയത്. ദല്‍ഹി ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

മെയ് 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയാണ് വേദി.

Content Highlight: Shreyas Iyer set a huge record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more