ഇന്ത്യ – ന്യൂസിലാൻഡ് ടി-20 പരമ്പരയിലെ അവസാന മത്സരം പുരോഗമിക്കുകയാണ്. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.
വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മാന്യമായ ടോട്ടൽ നേടിയത്. ഇഷാൻ 32 പന്തുകളിൽ നിന്നും 61 റൺസ് നേടിയാണ് തിളങ്ങിയത്. അഞ്ച് വീതം ഫോറുകളും സിക്സുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റിൽ നിന്നും പിറന്നത്.
ക്യാപ്റ്റൻ അയ്യർ 23 പന്തിൽ 50 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം.
ഇതോടെ ഒരു ചരിത്രനേട്ടവും അയ്യർ തന്റെ പേരിലാക്കി മാറ്റി. ഇന്റർനാഷണൽ ടി-20യിൽ സേന രാജ്യങ്ങൾക്കെതിരെ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി മാറിയാണ് അയ്യർ റെക്കോഡിട്ടത്. ഈ നേട്ടത്തിൽ മുൻ നായകൻ രോഹിത് ശർമക്കൊപ്പമാണ് ശ്രേയസ്.
മൂന്നാമത്തെ തവണയാണ് അയ്യർ സേനാ രാജ്യങ്ങൾക്കെതിരെ 50 കടക്കുന്നത്. 10 ഇന്നിങ്സുകളിൽ നിന്നുമാണ് അയ്യർ മൂന്ന് 50+ സ്‌കോറുകൾ സ്വന്തമാക്കിയത്. രോഹിത് 14 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. രോഹിത്തിനെക്കാൾ നാല് ഇന്നിങ്‌സ് കുറവ് കളിച്ചുകൊണ്ടാണ് അയ്യർ ഈ നേട്ടത്തിലെത്തിയതെന്നതും ഈ റെക്കോഡിന്റെ തിളക്കം കൂട്ടുന്നു. സേനാ രാജ്യങ്ങൾക്കെതിരെ 2 വീതം അർദ്ധ സഞ്ചറികൾ നേടിയ സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരെയാണ് അയ്യർ മറികടന്നത്.
മത്സരത്തിൽ അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീറിന്റെയും നിതീഷ് കുമാർ റെഡ്ഢിയുടെയും പ്രകടനങ്ങളും ഇന്ത്യയുടെ ഇന്നിങ്സിൽ നിർണായകമായി. 23 പന്തുകളിൽ നിന്നും നാല് ഫോറുകളും ഒരു സിക്സും അടക്കം 33 റൺസാണ് നമൻ അടിച്ചെടുത്തത്. 17 പന്തിൽ 22 റൺസുമാണ് റെഡ്ഢി നേടിയത്.
മലയാളി താരം സഞ്ജു സാംസൺ മത്സരത്തിൽ നിരാശപ്പെടുത്തി. 10 പന്തുകളിൽ നിന്നും നാല് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. വൈസ് ക്യാപ്റ്റൻ തിലക് വർമ എട്ട് പന്തിൽ ആറ് റൺസും ഓപ്പണർ അഭിഷേക് ശർമ ഒരു റൺസും നേടി പുറത്തായി.
കിവീസ് ബൗളിങ് നിരയിൽ ആദം മിൽനെ നാല് വിക്കറ്റുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ബ്ലെയർ ടിക്നർ, നഥാൻ സ്മിത്ത് എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധീർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്‌മിത്ത്, ആദം മിൽനെ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.
Content Highlight: Shreyas Iyer set a historical record as a captain in T20I