ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.
ഇതോടെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഒരു ഗംഭീര ഡോമിനേഷനും അവസാനിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ മുംബൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി മത്സരം വിജയിക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടത്തിലെ ആധിപത്യമാണ് അയ്യര്‍ക്ക് നഷ്ടമായത്.
ഏഴ് തവണയാണ് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ താരം വിജയം സ്വന്തമാക്കിയത്. അതേസമയം ഐ.പി.എല്ലില്‍ ഒരു എതിര്‍ ടീമിനെതിരെ ഏറ്റവും അധികം വിജയം നേടുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ്. പഞ്ചാബിനെതിരെ എട്ട് തവണയാണ് ഗംഭീര്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിച്ചത്.
ഗൗതം ഗംഭീര്‍ – പഞ്ചാബ് കിങ്‌സ് – 8
രോഹിത് ശര്‍മ – കൊല്‍ക്കത്ത – 8
എം.എസ്. ധോണി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 7
ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്‌സ് – 7
ശ്രേയസ് അയ്യര്‍ – മുംബൈ ഇന്ത്യന്‍സ് – 7
മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി 33 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75* റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 227.27 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്താണ് താരം മുംബൈയെ വിജയത്തിലെത്തിച്ചത്.
റിയാന്‍ റിക്കിള്‍ട്ടണ്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയാണ് വില്‍ ജാക്‌സ് ടീമിനായി നിര്‍ണായക സംഭാവന നല്‍കിയത്.
അതേസമയം ഏഴ് മത്സരങ്ങള്‍ തോല്‍വിയറിയാതെ വന്ന ശ്രേയസ് അയ്യരും സംഘവും പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ പഞ്ചാബിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. മെയ് 17ന് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികള്‍.
Content Highlight: Shreyas Iyer’s winning streak against Mumbai in IPL Is ends