| Thursday, 25th December 2025, 6:54 pm

ശ്രേയസ് മടങ്ങി വരുന്നു; എന്നാല്‍ അത് കിവികള്‍ക്ക് എതിരെയല്ല?!

ഫസീഹ പി.സി.

ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരം തന്റെ ബാറ്റിങ് പുനരാരംഭിച്ചുവെന്നും റിഹാബിലിറ്റേഷനായി ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) എത്തിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. താരം വേദനയോ അസ്വസ്ഥകളോ ഇല്ലാതെ ഒരു മണിക്കൂറോളം ബാറ്റ് ചെയ്തുവെന്നാണ് വിവരം.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇടത് വാരിയെല്ലിനായിരുന്നു താരത്തിന്റെ പരിക്ക്. ഒക്ടോബര്‍ 25ന് നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു സംഭവം. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് പരിക്ക് പറ്റിയത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ഫീൽഡിൽ ഇരിക്കുന്ന ശ്രേയസ് അയ്യർ. Photo: BCCI/x.com

പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശ്രേയസിനെ സിഡിനിയിലെ ആശുപത്രിയിലെ ഐ.സി.യുവിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് കാരണം താരത്തിന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയും മുഷ്താഖ് അലി ട്രോഫിയും നഷ്ടമായിരുന്നു.

എന്നാല്‍, അയ്യരെ ഉടനെ തന്നെ കളത്തില്‍ കാണാനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ താരത്തിന്റെ തിരിച്ചുവരവിന്റെ തീയതി പറയാന്‍ പ്രയാസമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ തിരിച്ചെത്താന്‍ 31കാരന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ശ്രേയസ് അയ്യര്‍ക്ക് ഓസ്‌ട്രേലിയയില്‍ വെച്ച് ദൗര്‍ഭാഗ്യകരമായ പരിക്ക് സംഭവിച്ചു. അതിനാല്‍ താരത്തിന് ഒരുപാട് മത്സരങ്ങള്‍ നഷ്ടമായി. എന്നാല്‍ താരത്തിനിപ്പോള്‍ വേദനയില്ല എന്നതാണ് ശുഭ സൂചന. ബുധനാഴ്ച മുംബൈയില്‍ ഒരു കുഴപ്പവുമില്ലാതെ താരം ബാറ്റ് ചെയ്തു.

ഇന്ത്യയുടെ അടുത്ത പോരാട്ടം ന്യൂസിലാന്‍ഡിന് എതിരെയാണ്. ആ സമയത്തേക്ക് താരം കായികക്ഷമത വീണ്ടെടുക്കുമോ എന്നത് സംശയമാണ്. എങ്കിലും, വിജയ് ഹസാരെ ട്രോഫിയുടെ അവസാന ഘട്ട മത്സരങ്ങളില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ല,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രേയസ് പതിവ് ജിം സെഷന്‍ ആരംഭിച്ചുവെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ തിരിച്ചുവരവ് സി.ഒ.ഇയുടെ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കും. അയ്യര്‍ നാല് മുതല്‍ ആറ് ദിവസങ്ങള്‍ വരെ അവിടെ തുടരും. മറ്റെല്ലാ താരങ്ങളെയും പോലെ താരത്തിനും വേണ്ട സമയം നല്‍കുമെന്നും എന്നാല്‍ എത്രയും വേഗം കളത്തിലേക്ക് താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Shreyas Iyer resumed batting; he may return in latter stages of Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more