| Wednesday, 31st December 2025, 7:33 am

ശ്രേയസിന്റെ മടങ്ങിവരവ് ഉടനെയില്ല; കാരണമറിയാം

ഫസീഹ പി.സി.

ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ചര്‍ച്ച. താരം ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയിലൂടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ, ഈ പരമ്പരയ്ക്ക് മുമ്പ് വിജയ് ഹസാരെയില്‍ താരം മുംബൈക്കായി കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ താരത്തെ ഉടന്‍ കളത്തില്‍ കാണാമെന്ന ആവേശത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ശ്രേയസ് മത്സരത്തിലേക്ക് മടങ്ങിവരാന്‍ വൈകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം മൂന്ന് മാസത്തോളമായി വിശ്രമത്തിലായിരുന്നു. കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) പരിശീലനവും ആരംഭിച്ചിരുന്നു.

ശ്രേയസ് അയ്യർ. Photo: Johns/x.com

പക്ഷേ, ശ്രേയസ് ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിന്റെ ഭാരം അനിയന്ത്രിതമായി കുറഞ്ഞിട്ടുണ്ടെന്നാണ് ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. താരം പരിക്കിന് ശേഷം ഏകദേശം ആറ് കിലോ കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതിനാല്‍ തന്നെ താരത്തിന് സി.ഒ.ഇയില്‍ നിന്ന് ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇതാണ് താരത്തിനെ മടങ്ങിവരവില്‍ വിനയാകുന്നത്.

ഒക്ടോബറില്‍ ഓസ്ട്രേലിയക്ക് എതിരെ നടന്ന മൂന്നാം മത്സരത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഇടത് വാരിയെല്ലിനായിരുന്നു താരത്തിന്റെ പരിക്ക്. ഒക്ടോബര്‍ 25ന് നടന്ന മത്സരത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് പരിക്കേറ്റത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ അലക്സ് കാരിയുടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ശ്രേയസ് അയ്യർ. Photo: Johns/x.com

പിന്നാലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശ്രേയസിനെ സിഡ്നിയിലെ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായ താരത്തിന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായിരുന്നു.

ബി.സി.സി.യുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാൽ ശ്രേയസിന് ഇനി എത്ര കാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പര പൂര്‍ണമായും നഷ്ടമായേക്കും.

അതേസമയം, ജനുവരി 11 മുതല്‍ 18 വരെയാണ് ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതിനായുള്ള ടീമിനെ ബി.സി.സി.ഐ ജനുവരി ആദ്യ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

Content Highlight: Shreyas Iyer suffers rapid weight loss, won’t return for ODIs vs New Zealand

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more