ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാൻഡ്. ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 87 റൺസിന്റെ കൂറ്റൻ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം തകർത്തുകൊണ്ടാണ് കിവികൾ സ്വന്തം മണ്ണിൽ വമ്പൻ വിജയം സ്വന്തമാക്കിയത്.
മത്സരശേഷം ന്യൂസിലാൻഡിന് വേണ്ടി സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ച ഗ്ലെൻ ഫിലിപ്സിനെ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പ്രശംസിക്കുകയും ചെയ്തു. ഈ പരമ്പരയിലൂടനീളം ഫിലിപ്സ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും താരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നുമാണ് അയ്യർ പറഞ്ഞത്.
‘തുടക്കത്തിൽ ഞങ്ങളുടെ ബൗളിങ് അത്ര മികച്ചതായിരുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ച് പവർ പ്ലേയിലെ മൂന്നാം ഓവറിൽ അവർക്ക് നല്ല രീതിയിൽ റൺസ് നേടാൻ സാധിച്ചു. പിന്നീട് രണ്ട് ബൗളർമാർ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ഗ്ലെൻ അതിമനോഹരമായി ബാറ്റ് ചെയ്തു. അദ്ദേഹം കളിച്ച ചില ഷോട്ടുകൾ ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഈ പരമ്പരയിലുടനീളം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്,’ ശ്രേയസ് അയ്യർ മത്സരശേഷം പറഞ്ഞു.
മത്സരത്തിൽ ഗ്ലെൻ ഫിലിപ്‌സ് 49 പന്തിൽ നിന്ന് 107 റൺസ് നേടിയാണ് തിളങ്ങിയത്. 10 സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. 218.37 എന്ന സ്‌ട്രൈക്ക് റേറ്റിൽ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഫിലിപ്‌സിന് പുറമേ 25 പന്തിൽ 65 റൺസ് നേടി മിച്ചൽ ബ്രേസ്‌വെല്ലും തകർത്തടിച്ചു. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. ഓപ്പണർ ഫിൻ അലൻ 31 റൺസ് നേടിയിരുന്നു.
ഇന്ത്യക്കുവേണ്ടി ബൗളിങ്ങിൽ തിളങ്ങിയത് മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവാണ്. അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി. 64 റൺസായിരുന്നു നാല് ഓവറിൽ നിന്ന് നിതീഷ് കുമാർ റെഡ്ഡി വഴങ്ങിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയർന്ന സ്‌കോർ നേടിയത് തിലക് വർമയാണ്. 35 പന്തിൽ 35 റൺസാണ് താരം നേടിയത്. നമൻ ധിർ 28 റൺസും അഭിഷേക് ശർമ 22 റൺസും നേടി മടങ്ങി. ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിനാണ് മടങ്ങിയത്.
ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ രണ്ട് പന്തിൽ നാല് റൺസും നേടി പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി നാല് വിക്കറ്റ് നേടി തിളങ്ങാൻ ജേക്കബ് ഡഫിക്ക് സാധിച്ചു. ക്യാപ്റ്റൻ സാന്റ്‌നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
നവംബർ ഒന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹാമിൽട്ടണിലാണ് മത്സരം.
Content Highlight: Shreyas Iyer praise Glenn Phillips performance against India