ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ പഞ്ചാബിന് 15 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കും.
നിലവില്‍ 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തില്‍ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് പഞ്ചാബ് കുതിച്ചത്. എന്നാല്‍ അവസാനത്തെ മൂന്ന് മത്സരങ്ങളിലും പഞ്ചാബ് തോല്‍വി ഏറ്റുവാങ്ങി. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ടീമിന് ഇനിയുള്ള നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങള്‍ ആവശ്യമാണ്.
സ്വന്തം തട്ടകത്തില്‍ ഇന്ന് ദല്‍ഹിയെ വീഴ്ത്താനായാല്‍ പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ഐ.പി.എല്ലില്‍ പഞ്ചാബിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയങ്ങളിലേക്ക് എത്തിക്കുന്ന ക്യാപ്റ്റനാവാനുള്ള അവസരമാണ് അയ്യരുടെ മുന്നിലുള്ളത്. ഇതിനായി അയ്യരിന് ഒറ്റ വിജയമാണ് വേണ്ടത്.
പഞ്ചാബിനെ 27 മത്സരങ്ങളില്‍ നയിച്ച അയ്യര്‍ 16 വിജയങ്ങളാണ് ടീമിനൊപ്പം നേടിയത്. ഒറ്റ വിജയം കൂടി നേടിയാല്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരായ ആദം ഗില്‍ക്രിസ്റ്റ്, യുവരാജ് സിങ് എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോഡിനൊപ്പമെത്താനും അയ്യര്‍ക്ക് സാധിക്കും. 2008ലും 2009ലും പഞ്ചാബിനെ നയിച്ച യുവരാജ് 29 മത്സരങ്ങളില്‍ 17 വിജയമാണ് സ്വന്തമാക്കിയിരുന്നത്. ഗില്‍ക്രിസ്റ്റ് 34 മത്സരങ്ങളില്‍ 17 വിജയങ്ങളും ക്യാപ്റ്റനായി സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റ വിജയത്തിലൂടെ പഞ്ചാബിന്റെ ചരിത്രനായകനായി അയ്യര്‍ മാറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com
പഞ്ചാബില്‍ മാത്രമല്ല ക്യാപ്റ്റനായി മറ്റ് പല ടീമുകള്‍ക്കും വമ്പന്‍ നേട്ടങ്ങള്‍ നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐ.പി.എല്‍ കിരീടം സമ്മാനിച്ചത് അയ്യരായിരുന്നു. 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.
കൊല്‍ക്കത്തയ്ക്ക് പുറമെ ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കഴിഞ്ഞ സീസണില്‍ ഫൈനലിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറി.
എന്നാല്‍ 2024ല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ അയ്യരിനെ 2025 മെഗാ ലേലത്തില്‍ കൊല്‍ക്കത്ത കൈവിടുകയായിരുന്നു. പഞ്ചാബ് കിങ്സ് 26.75 കോടിക്കാണ് അയ്യരിനെ ലേലത്തില്‍ സ്വന്തമാക്കിയത്. ഇത്തവണ പഞ്ചാബിന് ആദ്യ കിരീടം നേടികൊടുത്താല്‍ ഐ.പി.എല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവാനും അയ്യര്‍ക്ക് സാധിക്കും.
Content Highlight: Shreyas Iyer need one win to create a historical record in captaincy ipl