| Wednesday, 7th October 2026, 3:50 pm

ഒറ്റ സെഞ്ച്വറിയില്‍ 25ല്‍ നിന്നും ഏഴിലേക്ക്, കരിയറിലെ വമ്പന്‍ കുതിപ്പ്; സഞ്ജുവിന് നിരാശയും

ആദർശ് എം.കെ.

ഐ.സി.സി ടി-20ഐ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെയാണ് കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായി ശ്രേയസ് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയത്.

18 റാങ്കുകള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് ഏഴാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്. കരിയര്‍ ബെസ്റ്റ് റേറ്റിങ്ങായ 786 പോയിന്റാണ് താരത്തിനുള്ളത്.

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് സര്‍പഞ്ച് സാബിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. 43 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ശ്രേയസ് സ്വന്തമാക്കിയത്. പത്ത് ഫോറും ആകാശം തൊട്ട ആറ് സിക്‌സറും അടക്കം 237.21 എന്ന തകര്‍പ്പന്‍ സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

അന്താരാഷ്ട്ര ടി-20യില്‍ ശ്രേയസ് അയ്യരിന്റെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20) അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന 36ാം താരവും ഏഴാം ഇന്ത്യന്‍ താരമാകാനും ക്യാപ്റ്റന് സാധിച്ചിരുന്നു.

അതേസമയം, റാങ്കിങ്ങിലെ ആദ്യ അഞ്ച് സ്ഥാനക്കാരും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. 902 റേറ്റിങ്ങുമായി ഇഷാന്‍ കിഷന്‍ ഒന്നാമതും 887 റേറ്റിങ് പോയിന്റുമായി അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തുമാണ്.

പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ (818), ഇംഗ്ലീഷ് താരങ്ങളായ ഹാരി ബ്രൂക് (793) എന്നിവരാണ് മൂന്ന്, നാല്, സ്ഥാനങ്ങളിലുള്ളത്. 789 റേറ്റിങ്ങുമായി ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറും സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ ഡെവാള്‍ഡ് ബ്രെവിസും അഞ്ചാം സ്ഥാനം പങ്കിടുകയാണ്.

ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, ശ്രീലങ്കന്‍ ബാറ്റര്‍ പാതും നിസങ്ക, ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ എന്നിവര്‍ ഓരോ സ്ഥാനം നഷ്ടപ്പെട്ട് എട്ട്, ഒമ്പത്, പത്ത് റാങ്കുകളിലെത്തി.

ഇന്ത്യയെ മൂന്നാമത് ടി-20 ലോകകപ്പിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവ് അഞ്ച് റാങ്കുകള്‍ നഷ്ടപ്പെട്ട് 25ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ലോകകപ്പിന്റെ താരമായ സഞ്ജു സാംസണും തിരിച്ചടിയേറ്റു. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ആദ്യ 30ല്‍ നിന്നും സഞ്ജു പിന്തള്ളപ്പെട്ടു.

നിലവില്‍ മൂന്ന് റാങ്കുകള്‍ നഷ്ടപ്പെട്ട് 31ാം സ്ഥാനത്താണ് സഞ്ജു. 585 ആണ് നിലവില്‍ താരത്തിന്റെ റേറ്റിങ്. ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ പ്രകടനത്തിന് പിന്നാലെ നേടിയ 637 ആണ് കരിയര്‍ ബെസ്റ്റ് റേറ്റിങ്.

ശിവം ദുബെ (40), വൈഭവ് സൂര്യവംശി (46) എന്നിവരാണ് ആദ്യ 50ല്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക

Content Highlight: Shreyas Iyer makes a massive leap in the ICC T20 batter rankings.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more