| Saturday, 10th October 2026, 11:50 am

വിന്‍ഡീസിന്റെ വെടിക്കെട്ടില്‍ അയ്യര്‍ക്കും നാണക്കേട്! തലയില്‍ വീണത് വല്ലാത്തൊരു റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കരീബിയന്‍ പടയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്.

ഈ പരാജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തലയില്‍ ഒരു മോശം റെക്കോഡും വീണിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുന്നതിനിടയില്‍ ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ട താരമാകുകയാണ് ശ്രേയസ്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ താരം റിഷബ് പന്തിനെ മറികന്നാണ് അയ്യര്‍ ഒന്നാമനാത്.

ടി-20 ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ 200+ റണ്‍സ് ഡിഫന്റ് ചെയ്യുന്നതിനിടെ ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ടവര്‍

ശ്രേയസ് അയ്യര്‍ (ഇന്ത്യ) – 8*

റിഷബ് പന്ത് (ഇന്ത്യ) – 7

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 6

മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍) – 5

ഷായ് ഹോപ് (വെസ്റ്റ് ഇന്‍ഡീസ്) – 4

ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് വിന്‍ഡീസ് കരുത്തന്‍മാര്‍ വിജയിച്ചു കയറിയത്.
ഷായ് ഹോപ്പ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെയാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. ഒമ്പത് കൂറ്റന്‍ സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഹോപ്പിന്റെ വെടിക്കെട്ട്.

37 പന്തില്‍ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റില്‍ 84 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചെടുത്തത്. അവസാന ഘട്ടത്തില്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെ നിന്ന റൊമാരിയോ ഷെപ്പേര്‍ഡും നിര്‍ണായക പ്രകടനമാണ് കരീബിയന്‍ പടയ്ക്ക് സമ്മാനിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണാണ്. 41 പന്തില്‍ 82 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. ഇഷാന്‍ കിഷന്‍ 43 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 40 റണ്‍സും തിലക് വര്‍മ 44 റണ്‍സും നേടി തിളങ്ങി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കാനും വിന്‍ഡീസിന് സാധിച്ചു. ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.

Content Highlight: Shreyas Iyer In Top Of Unwanted Record List In T-20 As Captain

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more