| Monday, 12th October 2026, 10:45 am

സാക്ഷാല്‍ ധോണിയെ വെട്ടി ടി-20യിലെ സിംഹാസനം തൂക്കി; അയ്യരാട്ടത്തില്‍ പിറന്നത് ചരിത്രം!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

മാത്രമല്ല ഈ വിജയത്തോടെ ടി-20 ക്രിക്കറ്റില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യരിന്റെ കീഴിലാണ് ഏറ്റവും കൂടുതല്‍ 200+ ടോട്ടല്‍ പിറന്നത്. ഈ നേട്ടത്തില്‍ ഇതിഹാസം എം.എസ്. ധോണിയെ മറികടന്നാണ് അയ്യര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

137 മത്സരങ്ങളില്‍ നിന്ന് 37ാം തവണയാണ് ടി-20യില്‍ ശ്രേയസിന്റെ കീഴില്‍ 200+ ടോട്ടല്‍ പിറക്കുന്നത്. എന്നാല്‍ 331 മത്സരങ്ങളില്‍ നിന്ന് 36 തവണ മാത്രമാണ് ധോണിയുടെ കീഴില്‍ 200+ ടോട്ടലുകള്‍ സ്‌കോര്‍ ബോര്‍ഡില്‍ അടയാളപ്പെടുത്തിയത്. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 193 മത്സരങ്ങളില്‍ നിന്ന് 29 തവണയാണ് വിരാടിന്റെ കീഴില്‍ 200+ ടോട്ടല്‍ പിറന്നത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക്.

മത്സരത്തില്‍ 18 പന്തില്‍ 37 റണ്‍സാണ് ഇഷാന്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ശര്‍മ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

പിന്നാലെയെത്തിയവരില്‍ തിലക് വര്‍മ (16 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യയെ 223ലെത്തിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി കൂടാരം കേറി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്ണിനും പുറത്തായി.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്സ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുഡാകേഷ് മോട്ടിയും കീമോ പോളും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനായി ഷിംറോണ്‍ ഹെറ്റ്മെയറാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 26 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. കാമില്‍ പൂരന്‍ 27 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സും നേടി. ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 20 പന്തില്‍ 32 റണ്‍സും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ 11 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 35* റണ്‍സ് നേടിയ ഷമര്‍ സ്പ്രിങ്ങര്‍ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിച്ച.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

Content Highlight: Shreyas Iyer In Great Record Achievement In T-20 Format As Captain, Surpass M.S Dhoni

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more