| Sunday, 26th April 2026, 1:39 pm

ചരിത്രത്തില്‍ ഇതുപോലൊരു ക്യാപ്റ്റന്‍ ഇന്നേവരെ ഉണ്ടായിട്ടില്ല; റെക്കോഡ് പടയോട്ടം തുടര്‍ന്ന് അയ്യര്‍!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പഞ്ചാബിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി പഞ്ചാബ് നിസാരമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ ഒരു വമ്പന്‍ ചരിത്രമാണ് പഞ്ചാബ് ക്യാപ്റ്റന്‍ രചിച്ചത്. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ആദ്യ ഏഴ് മത്സരങ്ങളില്‍ വിജയിച്ച ആദ്യത്തെ ക്യാപ്റ്റനാകാനാണ് ശ്രേയസ് അയ്യര്‍ക്ക് സാധിച്ചത്. മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തില്‍ 250+ വിജയലക്ഷ്യം ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏക ടീമും അയ്യരിന്റെ പഞ്ചാബാണ്.

കൂടാതെ മൂന്ന് വ്യത്യസ്ത ടീമുകളെ ഐ.പി.എല്ലിന്റെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന വിഖ്യാതമായ റെക്കോഡും അയ്യരിന്റെ പേരിലാണ്. ദല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ് എന്നീ ടീമുകളെയാണ് അയ്യര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ബെംഗളൂരുവിനെതിരെ പൊരുതി തോറ്റാണ് അയ്യരും സംഘവും മടങ്ങിയതെങ്കില്‍ ഇത്തവണ കിരീടം സ്വന്തമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പഞ്ചാബ്.

നിലവില്‍ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 279 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. 71* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 69.75 എന്ന കിടിലന്‍ ആവറേജിലാണ് താരം റണ്‍സ് അടിച്ചുകൂട്ടുന്നത്. മാത്രമല്ല 186.00 എന്ന ഉഗ്രന്‍ പ്രഹരശേഷിയും അയ്യരിന്റെ കൈവശമുണ്ട്. സീസണില്‍ ഇതുവരെ നാല് അര്‍ധ സെഞ്ച്വറി നേടി വമ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

അതേസമയം മത്സരത്തില്‍ പഞ്ചാബിന് വേണ്ടി പ്രഭ്‌സിമ്രാന്‍ സിങ് 26 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 36 പന്തില്‍ 71* റണ്‍സ് നേടി പുറത്താകാതെ നിന്നു. പ്രിയാന്‍ഷ് ആര്യ 17 പന്തില്‍ 43 റണ്‍സ് നേടിയാണ് മടങ്ങിയത്.

ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം കെ.എല്‍ രാഹുലാണ്. 67 പന്തില്‍ ഒമ്പത് സിക്‌സും 16 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 152* റണ്‍സിന്റെ കിടിലന്‍ സ്‌കോറാണ് രാഹുല്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത്. 226.87 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

Content Highlight: Shreyas Iyer In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more