സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര നവംബര്‍ 30നാണ് ആരംഭിക്കുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ക്ക് ഇടം നേടാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഗുരുതരമായി പരിക്ക് പറ്റിയ അയ്യര്‍ നിലവില്‍ ഫിറ്റ്‌നസ് നേടാനുള്ള പാതയിലാണ്. പെട്ടന്ന് സുഖം പ്രാപിക്കുമെന്ന് കരുതിയെങ്കിലും അയ്യര്‍ക്ക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഇനിയും സമയം ആവശ്യമായി വന്നേക്കുമെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 25ന് നടന്ന മൂന്നാം ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് ഇടത് വാരിയെല്ലിന് പരിക്ക് പറ്റിയത്.
34ാം ഓവറില്‍ കാരിയെ പുറത്താക്കാന്‍ ശ്രേയസ് 12.75 മീറ്റര്‍ ഓടിയാണ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ക്യാച്ചിനിടെ നിലത്ത് വീണപ്പോള്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തിനിടെ തന്നെ താരത്തെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അടുത്തിടെ മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടും ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമില്‍ എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു തിരിച്ചുവരവെന്നോണമാണ് അയ്യര്‍ക്ക് ഓസീസ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി എത്തിയത്. പരിക്ക് കാരണം താരത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലാകുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ പരിക്ക് പറ്റിയ റിഷബ് പന്ത് ടീമില്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഏകദിനത്തില്‍ അയ്യര്‍ക്ക് 73 മത്സരങ്ങളില്‍ നിന്ന് 2917 റണ്‍സ് നേടിയിട്ടുണ്ട്. 128* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. മികച്ച പ്രകടനങ്ങളുണ്ടായിട്ടും ടീമില്‍ ഇടം നേടാന്‍ താരത്തിന് പലപ്പോഴും സാധിച്ചിരുന്നില്ല. നിലവില്‍ ഓസ്ട്രേലിയക്കെതിരെ തിരിച്ചെത്തിയിട്ടും താരം പരിക്കിന്റെ പിടിയിലായത് ഏറെ നിരാശാ ജനകമാണ്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണുള്ളത്. നവംബര്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഇരു ടീമുകളും പുറത്ത് വിട്ടിരുന്നു.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.
ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.
Content Highlight: Shreyas Iyer In Big Setback Ahead South African Series