| Sunday, 26th October 2025, 9:11 pm

ക്യാച്ചില്‍ എട്ടിന്റെ പണി; അയ്യരുടെ കാര്യത്തില്‍ തീരുമാനമായോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റിരുന്നു. ഇടതു വാരിയെല്ലിനേറ്റ പരിക്കിന്റെ വിശദമായ വിലയിരുത്തലിന് വേണ്ടി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബി.സി.സി.ഐയും സ്ഥിരീകരിച്ചു. മാത്രമല്ല പരിക്കില്‍ നിന്ന് താരത്തിന് സുഖം പ്രാപിക്കാന്‍ ഏറെ സമയം ആവശ്യമായി വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നവംബര്‍ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍. ശ്രേയസ് തിരിച്ചെത്തിയാല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമായിരിക്കും താരം പൂര്‍ണമായി ഫിറ്റാണോ എന്ന് പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെറിയ ഒടിവുണ്ടെങ്കില്‍ അത് സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം തിരിച്ചെത്തിക്കഴിഞ്ഞാല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അയ്യര്‍ക്ക് കൂടുതല്‍ സുഖം പ്രാപിക്കേണ്ടതുണ്ടോ എന്ന് നിര്‍ണയിക്കാന്‍ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചെറിയ ഒടിവുണ്ടെങ്കില്‍ പോലും അത് സുഖം പ്രാപിക്കാന്‍ സമയമെടുക്കും. ഇത് ഇപ്പോഴും നിര്‍ണയിക്കാന്‍ സമയമായിട്ടില്ല. മടങ്ങിവരാന്‍ സാധിക്കുമെങ്കില്‍ നവംബര്‍ 30നകം അദ്ദേഹം തയ്യാറാകുമോ എന്നത് ചര്‍ച്ചാവിഷയമായേക്കാം.

ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെനെയാണ് അയ്യര്‍ക്ക് ഇടത് വാരിയെല്ലിന് പരിക്ക് പറ്റിയത്. 34ാം ഓവറില്‍ കാരിയെ പുറത്താക്കാന്‍ ശ്രേയസ് 12.75 മീറ്റര്‍ ഓടിയാണ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ക്യാച്ചിനിടെ നിലത്ത് വീണപ്പോഴാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. മത്സരത്തിനിടെ തന്നെ താരത്തെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിക്കിന്റെ വ്യാപ്തിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതിനാല്‍ തന്നെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിത്വത്തിലാണ്. പരിക്ക് ഗുരുതരമാണെങ്കില്‍ താരത്തിന് കൂടുതല്‍ കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. അതേസമയം സൗത്ത് ആഫ്രിക്കക്കുമായുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പര ഡിസംബര്‍ ആറ് വരെയാണ് നടക്കുക. ഇന്ത്യയിലെ റാഞ്ചി, റായ്പൂര്‍, വിശാഖപട്ടണം എന്നിവയാണ് മത്സരത്തിന് വേദിയാവുന്നത്.

Content Highlight: Shreyas Iyer Have Big Setback Against South African Series

We use cookies to give you the best possible experience. Learn more