ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിന് പിന്നാലെ തന്നെ മറ്റൊരു ക്രിക്കറ്റ് പൂരവും കൊടിയേറുന്നുവെന്നതാണ് ആരാധകരെ ആവേശത്തിലെത്തുന്നത്. ആരാധകരുടെ പ്രിയ താരങ്ങളും ടീമുകളും കളത്തിലെത്താന്‍ ഇനിയുള്ളത് വെറും പത്ത് ദിവസങ്ങളുടെ ദൂരം മാത്രമാണ്.
മാര്‍ച്ച് 28നാണ് 19ാം സീസണിന് അരങ്ങുണരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്.ആര്‍.എച്ച്) തമ്മിലാണ് ആദ്യ മത്സരം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.
ശ്രേയസ് അയ്യര്‍. Photo: Punjab Kings
പുതിയൊരു സീസണിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഒരു സൂപ്പര്‍ നേട്ടവുമായാണ് എത്തുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരത്തിന്റെ പേരിലുള്ളത്. താരത്തിന്റെ ഐ.പി.എല്‍ വിജയശതമാനം 58.82 ആണ്.
ടൂര്‍ണമെന്റില്‍ ശ്രേയസ് 87 മത്സരങ്ങളിലാണ് നായകന്റെ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. അതില്‍ 50 വിജയം സ്വന്തമാക്കിയപ്പോള്‍ 35 എണ്ണത്തില്‍ തോല്‍വിയും വഴങ്ങി. പഞ്ചാബിന് പുറമെ ദല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും താരം നയിച്ചിട്ടുണ്ട്.
ഈ നേട്ടത്തില്‍ ശ്രേയസ് മാത്രമല്ല ഒന്നാമതുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമുണ്ട്. താരത്തിനും 58. 82 വിജയശമാനമാണുള്ളത്. എന്നാല്‍ 51 മത്സരങ്ങളിലാണ് താരം മുംബൈയെ നയിച്ചത്. താരം 30 വിജയവും 21 തോല്‍വിയും വഴങ്ങി.
സച്ചിൻ ടെൻഡുൽക്കർ. Photo: Cricket Cuntry
ഐ.പി.എല്ലില്‍ അഞ്ച് കിരീടം വീതം നേടിയ എം.എസ് ധോണിയെയും രോഹിത് ശര്മയെയും പിന്നിലാക്കിയാണ് ശ്രേയസും സച്ചിനും ഈ നേട്ടം സ്വന്തമാക്കിയത്. സി.എസ്.കെ നായകനായിരുന്ന ധോണി രണ്ടാമതും മുംബൈയെ നയിച്ച രോഹിത് നാലാമതുമാണ്.
(താരം – മത്സരം – ജയം – തോല്‍വി – വിജയശതമാനം എന്നീ ക്രമത്തില്‍)
ശ്രേയസ് അയ്യര്‍ – 87 – 50 – 35 – 58. 82
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 51 – 30 – 21 – 58. 82
എം.എസ്. ധോണി – 235 – 136 – 97 – 58. 36
ഷെയ്ന്‍ വോണ്‍ – 55 – 31 – 24 – 56. 36
രോഹിത് ശര്‍മ – 158 – 89 – 69 – 56. 32
Content Highlight: Shreyas Iyer has highest win percentage in IPL as captain with Sachin Tendulkar