സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.
ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത അയ്യര്‍ അയര്‍ലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ പൂര്‍ണ പരാജയമേറ്റുവാങ്ങിയാണ് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. അഞ്ച് മത്സരങ്ങളടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ മത്സരം മഴ കൊണ്ടുപോയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഒറ്റ വിജയം പോലും നല്‍കാതെയാണ് ത്രീ ലയണ്‍സ് പരമ്പര വൈറ്റ് വാഷ് ചെയ്തത്. ഇതോടെ ആദ്യ ഏഴ് മത്സരങ്ങളിലും പരാജയപ്പെടുന്ന ക്യാപ്റ്റനായും അയ്യര്‍ മാറി.
ഇപ്പോള്‍ സിംബാബ്‌വേയ്‌ക്കെതിരായ വിജയം ആശ്വാസമാണെങ്കിലും അത് ആഘോഷിക്കാന്‍ സാധിക്കുന്നതല്ല. ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഒരി മത്സരം ജയിക്കാന്‍ ഏറ്റവും കൂടുതല്‍ മത്സരം വേണ്ടി വന്ന ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അയ്യര്‍. എട്ട് മത്സരങ്ങളാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു മത്സരം വിജയിക്കാന്‍ അയ്യര്‍ക്ക് വേണ്ടി വന്നത്.
ശ്രേയസ് അയ്യര്‍. Photo: Shreyas Iyer/x.com
ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് റിഷബ് പന്താണുള്ളത്. മൂന്ന് മത്സരങ്ങളാണ് താരത്തിന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു മത്സരം വിജയിക്കാന്‍ വേണ്ടി വന്നത്. സാക്ഷാല്‍ എം.എസ്. ധോണിക്കും വിരാട് കോഹ്‌ലിക്കും ശുഭ്മന്‍ ഗില്ലിനും രണ്ട് മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍മാരുടെ പേരുകളും ഉണ്ട്. സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, അജിന്‍ക്യാ രഹാനെ, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, വിരേന്ദ്ര സെവാഗ്, ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയവരാണ്.
യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.
വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ബൗളിങ്ങില്‍ ഇന്ത്യക്കായി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു.
അതേസമയം ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു. ജൂലൈ 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബ് തന്നെയാണ് വേദി.
Content Highlight: Shreyas Iyer has become the captain who took the longest to win a match after assuming the role of India’s T20 captain