| Friday, 13th June 2025, 9:25 am

രണ്ടാമതും ഉന്നം പിഴച്ച് ശ്രേയസ്; മുംബൈ ടി -20യിലും കിരീടമില്ലാതെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് പിന്നാലെ മറ്റൊരു ടി-20 ലീഗ് ഫൈനലിലും തോൽവി വഴങ്ങി ശ്രേയസ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മുംബൈ ടി -20 ലീഗിലാണ് താരം കപ്പിനരികെ വീണ്ടും വീണത്. ശ്രേയസിന്റെ ടീമായ സോബോ മുംബൈ ഫാല്‍ക്കണ്‍സ് (SoBo Mumbai Falcons) കലാശപ്പോരിൽ മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത റോയല്‍സിനോട് അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്.

ജൂണ്‍ മൂന്നിന് ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ശ്രേയസിന്റെ പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിന്റെ കന്നി കിരീടമെന്ന മോഹമായിരുന്നു അതോടെ പൊലിഞ്ഞത്. ആ തോൽവിയ്ക്ക് ശേഷം പത്ത് ദിവസത്തിനിടെ വീണ്ടും ഫാല്‍ക്കണ്‍സിനൊപ്പവും ശ്രേയസിന് കാലിടറിയിരിക്കുകയാണ്.

പ്രഥമ മുംബൈ ടി – 20 ലീഗിൽ ശ്രേയസിന്റെ കീഴിൽ ഫാൽക്കൺസ് മികച്ച പ്രകടനം നടത്തിയായിരുന്നു ഫൈനലിൽ എത്തിയത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ സൗത്ത് സെൻട്രൽ ശ്രേയസിന്റെ സംഘത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് എടുത്തിരുന്നത്. ഫൈനലിൽ ഫാൽക്കൺസിന്റെ തുടക്കം തന്നെ പാളിയിരുന്നു. സ്കോർ ബോർഡിൽ 33 റൺസ് ചേർത്തപ്പോഴേക്കും ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു.

ടീം സ്കോറിലേക്ക് മറ്റൊരു 39 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ടീമിന്റെ മുൻനിര ബാറ്റർമാർ വലിയ സ്കോർ കണ്ടെത്താതെ കൂടാരം കയറി. ക്യാപ്റ്റൻ ശ്രേയസ് 12 റൺസും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം മികച്ച പ്രകടനം നടത്തിയ അംഗ്രിഷ് രഘുവംശി ഏഴിനും പുറത്തായത് ടീമിന് വലിയ സമ്മർദമായി.

ഫാൽക്കൺസ് സ്കോർ 100 കടക്കില്ലെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും പിന്നാലെത്തിയവർ നടത്തിയ അപരാജിത പോരാട്ടമാണ് ടീമിനെ 150 കടത്തിയത്. അഞ്ചാം നമ്പറിൽ ഇറങ്ങിയ മയൂരേഷ് ടണ്ടേൽ 32 പന്തിൽ പുറത്താവാതെ 50 റൺസെടുത്തപ്പോൾ താരത്തിന് ഒപ്പം ക്രീസിൽ ഉറച്ച് നിന്ന ഹര്‍ഷ് ആഘാവ് 28 പന്തിൽ പുറത്താവാതെ 45 റൺസും നേടി.

മുംബൈ സൗത്ത് സെൻട്രലിന്റെ വൈഭവ് മാലി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് ഫാൽക്കൺസിനെ വരിഞ്ഞുമുറുക്കിയത്.

മറുപടി ബാറ്റിങ്ങിൽ മാറാത്ത റോയൽസിന് അഞ്ച് ഓവറിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ചിന്മയ് രാജേഷിന്റെ പ്രകടനത്തിൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. താരം ടീമിനായി 49 പന്തിൽ 53 റൺസ് എടുത്ത് പുറത്തായപ്പോൾ അവൈസ് ഖാൻ നൗഷാദ് 24 പന്തിൽ 38 റൺസുമെടുത്തു മുംബൈ സൗത്ത് സെൻട്രലിന് വിജയം ഉറപ്പിക്കുകയായിരുന്നു.

അതോടെ നാല് പന്ത് ബാക്കി നിൽക്കെ ശ്രേയസിന്റെ ഫാൽക്കൺസിനെ പരാജയപ്പെടുത്തി മുംബൈ സൗത്ത് സെൻട്രൽ മാറാത്ത റോയൽസ് മുംബൈയുടെ രാജാക്കന്മാരാവുകയായിരുന്നു.

Content Highlight: Shreyas Iyer face back -to- back defeats in final as his Mumbai SoBo Falcons endured a loss in Mumbai T20 League Final

We use cookies to give you the best possible experience. Learn more