| Thursday, 2nd July 2026, 6:54 am

അയ്യരാട്ടത്തില്‍ പിറന്നത് പുതിയ ചരിത്രം; ഇംഗ്ലണ്ട് കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് ശേഷമാണ് മഴ വില്ലനായി എത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അഭിഷേക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 47 പന്തില്‍ 68 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യക്കായി തന്റെ ഒമ്പതാം ഫിഫ്റ്റിയാണ് ശ്രേയസ് സ്വന്തമാക്കിയത്.

ക്യാപ്റ്റനായുള്ള ആദ്യ ഫിഫ്റ്റിയില്‍ തന്നെ ഒരു ചരിത്ര നേട്ടമാണ് ശ്രേയസ് തന്റെ പേരിലാക്കി മാറ്റിയത്. ടി-20യില്‍ ഇംഗ്ലണ്ടില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് ശ്രേയസ്. ഇതിന് മുമ്പ് ഇന്ത്യയെ നയിച്ച പല ക്യാപ്റ്റന്മാര്‍ക്കും സാധിക്കാത്ത നേട്ടമാണ് അയ്യര്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത മൂന്നാം മത്സരത്തില്‍ തന്നെ നേടിയത്.

ഇതിന് മുമ്പ് ടി-20യിലെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു. 2018ല്‍ 47 റണ്‍സായിരുന്നു വിരാട് നേടിയിരുന്നത്. ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യര്‍ ഈ റെക്കോഡും തകര്‍ത്തിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ അയ്യരിന് പുറമെ അഭിഷേക് ശര്‍മ 24 പന്തില്‍ ആറ് ഫോറുകളും നാല് സിക്‌സുകളും അടക്കം 59 റണ്‍സും നേടി തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സും ഇന്ത്യക്ക് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 21 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് ദുബെ നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

എന്നാല്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ നാലാം പന്തില്‍ തന്നെ ഒരു റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. അധികം വൈകാതെ ഇഷാന്‍ കിഷന്‍ റണ്‍സ് ഒന്നും നേടാതെ റണ്‍ ഔട്ടിലൂടെ പുറത്തായി.

ഹര്‍ഷിദ് റാണയും പൂജ്യം റണ്‍സാണ് നേടിയത്. തിലക് വര്‍മ 13 റണ്‍സും അക്സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമാണ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ സാഖിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആദില്‍ റഷീദ്, സാം കറാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജൂലൈ നാലിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഓള്‍ഡ് ട്രാഫോഡാണ് വേദി.

Content Highlight: Shreyas Iyer create a new record in T20 as a captain

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more