| Monday, 11th May 2026, 10:56 pm

ദല്‍ഹിക്കെതിരെ അയ്യരാട്ടം; വമ്പന്‍ നേട്ടത്തില്‍ തിളങ്ങി പഞ്ചാബിന്റെ പടത്തലവന്‍

Sudev A

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ദല്‍ഹിക്ക് മുന്നില്‍ ഉയര്‍ത്തിയത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്‌സ്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ നേടുന്ന അഞ്ചാമത്തെ ക്യാപ്റ്റനായി മാറാനും അയ്യര്‍ക്ക് സാധിച്ചു. ക്യാപ്റ്റനായുള്ള അയ്യരിന്റെ 24ാം 50+ സ്‌കോറാണ് ദല്‍ഹിക്കെതിരെ പിറന്നത്. നിലവില്‍ ഈ നേട്ടത്തില്‍ കെ.എല്‍ രാഹുലിനൊപ്പമാണ് പഞ്ചാബ് ക്യാപ്റ്റന്‍.

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ നേടുന്ന താരങ്ങള്‍

വിരാട് കോഹ്ലി-42

ഡേവിഡ് വാര്‍ണര്‍-33

ഗൗതം ഗംഭീര്‍-31

രോഹിത് ശര്‍മ-25

കെ.എല്‍ രാഹുല്‍-24

ശ്രേയസ് അയ്യര്‍-24

അതേസമയം പഞ്ചാബ് ക്യാപ്റ്റന് പുറമെ പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സും സ്വന്തമാക്കി. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ആര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൂപ്പര്‍ കനോലി 38 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 21 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ദല്‍ഹി ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Shreyas Iyer create a huge record as a captain in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more