ന്യൂസിലാൻഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സീഡൻ പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് രണ്ട് ഓവർ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.
വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മാന്യമായ ടോട്ടൽ നേടിയത്. ഇഷാൻ 32 പന്തുകളിൽ നിന്നും 61 റൺസ് നേടിയാണ് തിളങ്ങിയത്. അഞ്ച് വീതം ഫോറുകളും സിക്സുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റിൽ നിന്നും പിറന്നത്.
ക്യാപ്റ്റൻ അയ്യർ 23 പന്തിൽ 50 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം.
മത്സരം പരാജയപ്പെട്ടെങ്കിലും ന്യൂസിലാൻഡിനെതിരെയുള്ള ഈ അർധ സെഞ്ച്വറി പ്രകടനത്തോടെ ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അയ്യർ മാറി. ന്യൂസിലാൻഡിലെ താരത്തിന്റെ രണ്ടാം 50+ സ്കോർ ആയിരുന്നു ഇത്.
ഈ റെക്കോഡിൽ കെ.എൽ രാഹുലിനൊപ്പമാണ് അയ്യർ. മൂന്ന് 50+ സ്കോറുമായി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, യുവരാജ് സിങ്, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ എന്നിവർ ഓരോ തവണയും ന്യൂസിലാൻഡിൽ 50 കടന്നിട്ടുണ്ട്.
അതേസമയം മത്സരത്തിൽ ടിം സൈഫർട്ടിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും കരുത്തിലാണ് ന്യൂസിലാൻഡ് വിജയം സ്വന്തമാക്കിയത്.
ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഓവറിൽ അർഷ്ദീപ് സിങ്ങാണ് ഇന്ത്യയക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടിം സീഫർട്ടും ഡാരിൽ മിച്ചലും ചേർന്ന് ന്യൂസിലാൻഡിന്റെ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. ഒമ്പതാം ഓവറിൽ ഡാരിൽ മിച്ചൽ പുറത്താകുമ്പോഴേക്കും സ്കോർ 93ൽ എത്തിയിരുന്നു.
പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് സീഫർട്ട് ന്യൂസിലാൻഡിന്റെ സ്കോർ ഉയർത്തി. 50 പന്തിൽ നിന്നും 93 റൺസെടുത്ത ടിം സീഫർട്ടിനെ നിതീഷ് കുമാർ റെഡ്ഡി 16ാം ഓവറിൽ പുറത്താക്കി. 11 ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സീഫർട്ടിന്റെ ഇന്നിങ്സ്.
18ാം ഓവറിന്റെ അവസാനപന്തിൽ ഭുവനേശ്വർ കുമാറിനെ ബൗണ്ടറി കടത്തി ഗ്ലെൻ ഫിലിപ്സ് ന്യൂസിലാൻഡിനെ വിജയത്തിലേക്കെത്തിച്ചു. 38 പന്തിൽ എട്ട് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 65 റൺസ് നേടി ഗ്ലെൻ ഫിലിപ്സ് പുറത്താവാതെ നിന്നു.
Content Highlight: Shreyas Iyer create a huge milestone in against New Zealand in T20I