| Wednesday, 23rd September 2026, 11:04 am

രണ്ട് ചരിത്രത്തിലും ഒരേയൊരു നായകന്‍; ഒറ്റ പേര് 'ശ്രേയസ് സന്തോഷ് അയ്യര്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി നടന്ന ജപ്പാനെതിരെയുള്ള ടി-20യില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. സനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ ചരിത്ര പോരാട്ടം അരങ്ങേറിയത്.

മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന്‍ ഇന്നിങ്‌സ് 30 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് വിജയിക്കുന്ന ടീമായും ഇന്ത്യ മാറി. 2008ല്‍ ബെര്‍മുഡക്കെതിരെ 42 റണ്‍സിന്റെ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത അയര്‍ലാന്‍ഡിന്റെ റെക്കോഡ് ആയിരുന്നു ശ്രേയസ് അയ്യരും സംഘവും തകര്‍ത്തെറിഞ്ഞത്.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ചെറിയ ടോട്ടല്‍ പ്രതിരോധിച്ചു വിജയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടവും അയ്യരിനെ തേടിയെത്തി.

ഇതാദ്യമായല്ല, അയ്യരുടെ ക്യാപ്റ്റന്‍സിക്ക് മുന്നില്‍ എതിരാളികള്‍ കുറഞ്ഞ ടോട്ടലില്‍ തോല്‍വിയിലേക്ക് വീഴുന്നത്. ഐ.പി.എല്ലിലെ ലോവസ്റ്റ് ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് വിജയിച്ച ക്യാപ്റ്റനെന്ന നേട്ടവും ശ്രേയസ് അയ്യരുടെ പേരിലാണ്.

ജപ്പാനെതിരായ മത്സരത്തിന് ശേഷം ശ്രേയസ് അയ്യർ. Photo: ICC/Facebook.com

2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അയ്യരുടെ നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു അയ്യരുടെ കീഴില്‍ പഞ്ചാബ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നത്.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് പുറത്താവുകയായിരുന്നു. ഈ മത്സരം കൊല്‍ക്കത്ത അനായാസമായി വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അയ്യരുടെ തന്ത്രങ്ങളില്‍ പഞ്ചാബ് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

കൊല്‍ക്കത്തയെ വെറും 95 റണ്‍സിന് പുറത്താക്കിയായിരുന്നു അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് ഐ.പി. എല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍സ് ചെയ്ത് ചരിത്രമെഴുതിയത്.

പഞ്ചാബ് നായകൻ. Photo: Punjab Kings/x.com

പഞ്ചാബ് ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനും മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര തകര്‍ന്നു വീഴുകയായിരുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള ഈ വിജയം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ സംബന്ധിച്ച് ഒരു അഭിമാന നിമിഷം കൂടിയായിരുന്നു. 2024ല്‍ കൊല്‍ക്കത്തയെ മൂന്നാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു അയ്യര്‍. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തെ ലേലത്തില്‍ കിരീടം നേടിയ ക്യാപ്റ്റനെ കൊല്‍ക്കത്ത കൈവിടുകയായിരുന്നു.

ലേലത്തില്‍ 26. 75 കോടിക്കാണ് ശ്രേയസിനെ പഞ്ചാബ് തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്. പഞ്ചാബിനൊപ്പം ക്യാപ്റ്റനായി ആദ്യ സീസണില്‍ തന്നെ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം പുതിയ ചരിത്ര വിജയങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് അയ്യര്‍ കുതിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായാണ് അയ്യര്‍ കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞത്.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

ക്യാപ്റ്റനായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള അയ്യരുടെ തുടക്കം മികച്ചതായിരുന്നില്ല അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പര അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സിംബാബ്‌വേ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ തുടര്‍ പരമ്പര വിജയങ്ങളുമായി ക്യാപ്റ്റന്‍സിയിലെ തന്റെ പ്രതിഭ അയ്യര്‍ തെളിയിക്കുകയായിരുന്നു.

ഇനി ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ളത് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളാണ്. സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകളില്‍ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികള്‍. കഴിഞ്ഞ പതിപ്പില്‍ നേടിയ സ്വര്‍ണ മെഡല്‍ നിലനിര്‍ത്താനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക.

Content Highlight: Shreyas Iyer becomes the captain to win by successfully chasing the lowest totals in both the IPL and T20Is.

We use cookies to give you the best possible experience. Learn more