| Saturday, 6th June 2026, 3:00 pm

അവഗണനകളില്‍ തളരാത്ത ഉയിര്‍ത്തെഴുന്നേല്‍പ്പ്; ശ്രേയസിന്റെ ഈ മടങ്ങിവരവ് രാജകീയം

ഫസീഹ പി.സി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അന്ത്യമായിരിക്കുകയാണ്. ടി – 20 ടീമിനെ ഇനി ശ്രേയസ് അയ്യര്‍ എന്ന 31കാരന്‍ നയിക്കും. മൂന്ന് വര്‍ഷത്തിലധികം പുറത്തിരുന്ന് ഇന്ത്യന്‍ ടീമിലേക്ക് രാജകീയമായി തന്നെയാണ് അയാളുടെ തിരിച്ചുവരവ്.

ടീമില്‍ സ്ഥാനം നഷ്ടമാവുക. പിന്നീട് ഇന്ത്യന്‍ ടീമിന്റെ കരാറില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുക. ആഭ്യന്തര ക്രിക്കറ്റിലും മറ്റും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും മൂന്ന് വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വരിക. അര്‍ഹിച്ചിട്ടും അവസരം നിഷേധിക്കപ്പെട്ട ഇടത്തേക്ക് ഒരുനാള്‍ ക്യാപ്റ്റനായി തന്നെ മടങ്ങി വരുക. ആലോചിക്കുമ്പോള്‍ തന്നെ ഇത് പലര്‍ക്കും അസാധ്യമെന്ന് തോന്നിയേക്കാവുന്ന ഒരു സ്വപ്നമാണ്.

എന്നാല്‍ ശ്രേയസിന് ഇത് തന്റെ ജീവിതം തന്നെയാണ്. 2023ലാണ് ശ്രേയസ് അവസാനമായി ഇന്ത്യന്‍ ടി – 20 ടീമില്‍ കളിച്ചത്. അതിന് ശേഷം പലപ്പോഴും അര്‍ഹിച്ച അവസരം നിഷേധിക്കപ്പെടുകയായിരുന്നു. സെലക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് രഞ്ജി ട്രോഫിയില്‍ കളിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തെ പുറത്തിരുത്തിയത്.

2024 ഐ.പി.എൽ ട്രോഫിയും മുഷ്താഖ് അലി ട്രോഫിയുമായും ശ്രേയസ് അയ്യർ.

ഇതിനിടയില്‍ ശ്രേയസ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഐ.പി.എല്ലിലും മിന്നും പ്രകടനങ്ങളുമായി തിളങ്ങി. ഒപ്പം 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ.പി.എല്ലില്‍ കിരീടമണിയിക്കുകയും ചെയ്തു. പക്ഷേ, മികച്ച പ്രകടനങ്ങള്‍ എത്ര പുറത്തെടുത്തിട്ടും താരത്തിന് അവഗണന തന്നെയാണ് ലഭിച്ചത്.

അപ്പോഴെല്ലാം പലരും ശ്രേയസിനായി മുറവിളി കൂട്ടിയെങ്കിലും താരത്തിന് അവസരം ലഭിച്ചത് 2025ലായിരുന്നു. അതും ഏകദിന ടീമില്‍, പരിക്കേറ്റ കോഹ്ലിക്ക് പകരക്കാരനായി മാത്രം. വെറും റീപ്ലേസ്മെന്റായി എത്തിയ ബാറ്റര്‍ ഒടുവില്‍ ഇന്ത്യയെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായകമായി.

എന്നിട്ടും ടി – 20 ടീമിലേക്ക് ശ്രേയസിന് അവസരം നിഷേധിക്കപ്പെട്ടു. ആ വര്‍ഷം പഞ്ചാബ് കിങ്‌സിന്റെ നായകന്‍ സ്ഥാനമേറ്റെടുക്കുകയും 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു. കലാശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അടിയറവ് പറഞ്ഞെങ്കിലും ആരാധകര്‍ ഒന്നുകൂടി ശ്രേയസിനെ ഏറ്റെടുത്തു.

2025 ചാമ്പ്യൻസ് ട്രോഫിയുമായി ശ്രേയസ് അയ്യർ.

അതോടെ താരത്തെ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. പക്ഷേ, 2025 സെപ്റ്റംബറില്‍ ഏഷ്യാ കപ്പെത്തിയപ്പോഴും ശ്രേയസ് തഴയപ്പെട്ടു. ഈ അവഗണനകളെ ഒട്ടും പരിഗണിക്കാതെ മുംബൈ താരം മറുവശത്ത് തന്റെ പ്രകടനം തുടര്‍ന്നു.

ഇക്കഴിഞ്ഞ ടി – 20 ലോകകപ്പ് ടീമിലേക്ക് താരത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പല കോണില്‍ നിന്ന് ഉയര്‍ന്നിട്ടും മാനേജ്‌മെന്റ് അയാളെ പരിഗണിച്ചില്ല. 2026 ഐ.പി.എല്ലിലും ശ്രേയസ് തന്റെ സ്വതസിദ്ധമായ പ്രകടനങ്ങള്‍ നടത്തി ഒന്നുകൂടി തന്റെ സാന്നിധ്യം അറിയിച്ചു.

ഒടുവില്‍ ടി – 20 ലോകകപ്പ് ഉയര്‍ത്തിയിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം സെലക്ടര്‍മാരെ നോക്കി പല്ലിളിച്ചപ്പോള്‍ മാത്രമാണ് ശ്രേയസ് എന്ന പേരിലേക്ക് എത്തിയത്. ഈ തിരിച്ചുവരവിലാകട്ടെ ടീമിലെ ഒരു സ്ഥാനം മാത്രമല്ല ലഭിച്ചത്, ടീമിന്റെ കപ്പിത്താന്‍ പട്ടം തന്നെയാണ്. അര്‍ഹിച്ചിട്ടും ക്രൂരമായി അവഗണിക്കപ്പെട്ട അയാളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കാലത്തിന്റെ കാവ്യനീതിയെന്ന് അല്ലാതെ മറ്റെന്താണ് വിളിക്കാനാവുക.

Content Highlight: Shreyas Iyer became Indian T20I captain after After three years of neglect

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more