ഓസ്ട്രേലിയക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഐ.സി.യുവിലെന്ന് റിപ്പോര്‍ട്ട്. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരമിപ്പോള്‍ സിഡ്നിയിലെ ആശുപതിയില്‍ ചികിത്സയിലാണ്. നിലവില്‍ താരം അപകടനില തരണം ചെയ്തിട്ടുണ്ട്.
‘കഴിഞ്ഞ കുറച്ച് ദിവസമായി ശ്രേയസ് ഐ.സി.യു.വിലായിരുന്നു. പരിശോധനകളില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ഉടനെ തന്നെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയാന്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും,’ പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് പി.ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 25ന് നടന്ന മൂന്നാം ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് ഇടത് വാരിയെല്ലിന് പരിക്ക് പറ്റിയത്.
34ാം ഓവറില്‍ കാരിയെ പുറത്താക്കാന്‍ ശ്രേയസ് 12.75 മീറ്റര്‍ ഓടിയാണ് പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ക്യാച്ചിനിടെ നിലത്ത് വീണപ്പോള്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തിനിടെ തന്നെ താരത്തെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിക്ക് ജീവന് വരെ ഭീഷണിയായിരുന്നുവെന്നും എന്നാലിപ്പോള്‍ ശ്രേയസിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നു വൃത്തം വെളിപ്പെടുത്തി. താരം ഉടനെ തിരിച്ച് വരുമെന്നും കളത്തിലേക്ക് തിരിച്ചെത്താനുള്ള നിശ്ചിത സമയം പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ശ്രേയസിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, രക്തസ്രാവം ഉള്ളതിനാല്‍ കളത്തിലേക്ക് തിരിച്ചെത്തുന്നത് വൈകാന്‍ സാധ്യതയുണ്ട്.
Content Highlight: Shreyas Iyer admitted to ICU due to internal bleeding, Injury ‘Could’ve Been Fatal: Report