വനിതാ സി.പി.എല്ലില്‍ കിരീടമുയര്‍ത്തി ബാര്‍ബഡോസ് റോയല്‍സ്. കഴിഞ്ഞ ദിവസം പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ഗയാന ആമസോണ്‍ വാറിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് റോയല്‍സ് കിരീടമണിഞ്ഞത്.
വാറിയേഴ്‌സ് ഉയര്‍ത്തിയ 137 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ റോയല്‍സ് മറികടന്നു.
കിരീടമുയര്‍ത്തിയ റോയല്‍സ് സ്‌ക്വാഡില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയാങ്ക പാട്ടീലുമുണ്ടായിരുന്നു. ഫൈനലടക്കം അഞ്ച് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. പിങ്ക് ജേഴ്‌സിയില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചു.
വനിതാ സി.പി.എല്‍ കിരീടം സ്വന്തമാക്കിയതോടെ ഒരു ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. ഡബ്ല്യൂ.സി.പി.എല്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ശിഖ പാണ്ഡേയ്ക്കും ജെമീമ റോഡ്രിഗസിനും ഈ അവസരമുണ്ടായിരുന്നെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ഇരുവരും ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളായിരുന്നു.
ബാര്‍ബഡോസ് റോയല്‍സ് തന്നെയാണ് കഴിഞ്ഞ സീസണില്‍ ടീമിനെ പരാജയപ്പെടുത്തിയത്. ഈ സ്‌ക്വാഡില്‍ ശ്രേയാങ്ക അംഗമായിരുന്നില്ല.
ഇതിനൊപ്പം മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. വനിതാ പ്രീമിയര്‍ ലീഗിന് പുറമെ മറ്റൊരു ഫ്രാഞ്ചൈസീ ലീഗ് ടൈറ്റില്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും പാട്ടീല്‍ ഇടം നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ ശ്രേയാങ്കയുടെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ദി ഹണ്‍ഡ്രഡിലായിരുന്നു മന്ഥാനയുടെ കിരീട നേട്ടം. 2023ല്‍ സതേണ്‍ ബ്രേവിനൊപ്പമായിരുന്നു താരത്തിന്റെ കിരീടനേട്ടം. ശേഷം 2024 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കിരീടത്തിലെത്തിക്കാനും താരത്തിന് സാധിച്ചു.
Content Highlight: Shreyanaka Patil wins WCPL with Barbados Royals