| Friday, 6th February 2026, 10:35 pm

അന്ന് സംഗീതത്തെ ഗൗരവത്തോടെ എടുത്തില്ല; ഇന്നാണ് ഞാന്‍ പലതും തിരിച്ചറിഞ്ഞത്: ശ്രേയ ജയദീപ്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ജയദീപ്. ചെറുപ്പത്തില്‍ റിയാലിറ്റി ഷോയില്‍ സജീവമായിരുന്ന ശ്രേയ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സിനിമാ രംഗത്തേക്കും പ്രവേശിച്ചു. അമര്‍ അക്ബര്‍ അന്തോണിയിലെ ‘ ഇന്നു ഞാന്‍ എന്റെ’ എന്ന് തുടങ്ങുന്ന ഗാനം മലയാളികളിപ്പോഴും മറന്നിട്ടുണ്ടാകില്ല.

ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം ആലപിച്ചതും ശ്രേയ തന്നെയായിരുന്നു. ഇപ്പോള്‍ ഇന്‍ഡിവുഡുമായുള്ള അഭിമുഖത്തില്‍ തന്റെ പാട്ടോര്‍മകള്‍ പങ്കുവെക്കുകയാണ് ശ്രേയ ജയദീപ്. ചെറുപ്പത്തില്‍ താന്‍ സംഗീതത്തെ ഗൗരവത്തോടെ എടുത്തിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ പല കാര്യങ്ങളും തിരിച്ചറിയുന്നതെന്നും ശ്രേയ പറയുന്നു.

‘ഇപ്പോഴാണ് ഞാന്‍ പല കാര്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒരുപാട് ലെജന്‍ഡറി ആര്‍ട്ടിസ്റ്റുകളുടെ കൂടെ ഞാന്‍ സ്റ്റേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. അവരുടെ കൂടെ പാട്ട് പാടിയിട്ടുണ്ട്. അവരുടെ മുന്നില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണ് അതൊരു ഗോള്‍ഡന്‍ ടൈമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.

എന്റെ ജീവിതത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് അതെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അന്ന് ഞാന്‍ ചെറുപ്പമാണ്, തീരേ ബോധമില്ല, തീരേ വിവരമില്ല. അതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് വ്യക്തമായിട്ട് അറിയാത്ത ഒരു സമയമാണ്.

ആറു വയസുള്ളപ്പോഴാണ് റിയാലിറ്റി ഷോയില്‍ ഞാന്‍ വരുന്നത്. ആ സമയത്തുള്ള ഞാനല്ല ഇപ്പോള്‍. ഇന്ന് സീനിയറായിട്ടുള്ള ഗായകരുടെയൊപ്പമുള്ള എന്റെ ഫോട്ടോയൊക്കെ കാണുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നാറുണ്ട്. ഇപ്പോഴാണ് ഞാന്‍ അതിനെ കുറച്ചുകൂടി ആസ്വദിക്കുന്നത്, ശ്രേയ ജയദീപ് പറയുന്നു.

ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടെന്നും സോഷ്യല്‍ മീഡിയ സജീവമായി പോകുന്നത് കൊണ്ട് എല്ലാവര്‍ക്കും അതൊരു നല്ല അവസരമാണെന്നും ശ്രേയ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പുതിയ ആര്‍ട്ടിസ്റ്റുകള്‍ വരുമ്പോള്‍ നമുക്കും അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയണമെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.

നാല് വയസുള്ളപ്പോഴാണ് താന്‍ പാട്ട് പഠിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍ പണ്ട് താന്‍ പാട്ട് ക്ലാസില്‍ പോയുറങ്ങുകയാണ് ചെയ്തിരുന്നതെന്നും ശ്രേയ പറയുന്നു. അന്ന് സംഗീതത്തെ താന്‍ ഗൗരവത്തില്‍ എടുത്തിരുന്നില്ലെന്നും ശ്രേയ പറഞ്ഞു.

Content Highlight: Shreya Jayadeep about her career

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more