| Thursday, 8th October 2026, 12:06 pm

ട്രാഫിക്കിലെ 'പകലിൻ പവനി'ലേക്ക് ആദ്യം തീരുമാനിച്ചത് ശ്രേയ ഘോഷാലിനെ, പിന്നീടത് സിത്താരയിലേക്ക് മാറി: മെജോ ജോസഫ്

അനുപമ കെ. സീത

ആദ്യ സിനിമയിലൂടെ തന്നെ ഒരുപാടേറെ പാട്ടുകൾ ജനപ്രിയവും ഹിറ്റുമാക്കിയ സംഗീത സംവിധായകനാണ് മെജോ ജോസഫ്. 20 വർഷമായി മലയാള സിനിമയിൽ സജീവമായിട്ടുള്ള മെജോ മലയാള സിനിമക്ക് ഒരുപാട് നല്ല പാട്ടുകളാണ് സമ്മാനിച്ചത്. തന്റെ ആദ്യ സിനിമ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്കി‘ൽ സംഗീത സംവിധാനം ചെയ്യാനും ചെറുതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിൽ ഒരു വേഷം ചെയ്യാനും മെജോക്ക് കഴിഞ്ഞു.

ചിത്രത്തിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും അന്നത്തെ ക്യാമ്പസ് ഹിറ്റായി മാറുകയും ചെയ്തിരുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ വരികളെഴുതി മെജോ ഈണമിട്ട ‘ഹൃദയവും ഹൃദയവും’,’ഇനിയും മൗനമോ’ എന്നീ സിനിമയിലെ രണ്ട് പാട്ടുകൾക്ക് ഇന്നും ആരാധകരേറെയാണ്.

‘ട്രാഫിക്കി’ലെ ‘പകലിൻ പവനിൽ’ എന്ന തുടങ്ങുന്ന പാട്ട് ശ്രേയ ഘോഷാലിനെക്കൊണ്ട് പാടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പിന്നീടത് സിത്താരയിലേക്ക് എത്തുകയുമായിരുന്നുവെന്നും പറയുകയാണ് മെജോ ജോസഫ്. ഇൻഡിവുഡുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെജോ.

മെജോ ജോസഫ് Photo: Screen Grab/Youtube.com

‘പകലിൻ പവനിൽ’ ട്യൂൺ ചെയ്തപ്പോൾ ശ്രേയ പാടണമെന്ന് മനസിലുണ്ടായിരുന്നു. പിന്നീട് ബഡ്ജറ്റ് ഇല്ലാത്തതുകൊണ്ട് മലയാളത്തിലുള്ള ബെസ്റ്റ് സൗണ്ടുള്ള എന്നാൽ ഫ്രഷ്നസ് തോന്നുന്ന ഒരാളെ നോക്കി. അങ്ങനെയാണ് സിത്താര കൃഷ്ണകുമാറിലേക്കെത്തുന്നത്. സിത്താരയായിട്ട് വളരെ മുമ്പ് തന്നെ പരിചയമുണ്ടായിരുന്നു. റെക്കോർഡിങിന് കേറുന്നതിനു മുമ്പ് പരസ്പരം പറഞ്ഞിരുന്നു രണ്ടുപേർക്കും വളരെ പ്രധാനപ്പെട്ട പാട്ടും സിനിമയുമാണ് ഇതെന്നും അതുകൊണ്ട് മാക്സിമം നാന്നായിട്ട് പാടണമെന്നും.’ മെജോ പറഞ്ഞു.

പാട്ടുകൾക്ക് കോറസ് കൊടുക്കുന്നത് മനപ്പൂർവ്വമല്ലെന്നും അത് വന്ന് പോകുന്നതാണെന്നും മെജോ പറയുന്നുണ്ട്. ‘പകലിൻ പവനി’ലിൽ എപ്പോഴും ഉപയോഗിക്കുന്നതിനു വിപരീതമായ് ഹെവി കോറസാണ് ഉപയോഗിച്ചതെന്നും മെജോ പറഞ്ഞു.

സിനിമയിലുള്ള പിയാനോ ബിറ്റ് തന്റെ സുഹൃത്ത് മരിച്ച ദിവസം ആ വിഷമത്തിൽ ചെയ്തതാണെന്നും പിന്നീടത് രാജേഷ് പിള്ളയെ കേൾപ്പിച്ചപ്പോൾ ‘ട്രാഫിക്കി‘ൽ തീം മ്യൂസിക്കായിട്ട് അത് തന്നെ മതിയെന്ന് പറഞ്ഞുവെന്നും മെജോ കൂട്ടിച്ചേർത്തു. തനിക്കതിൽ എന്തെങ്കിലും ആഡ് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ സോൾ പോവുമെന്ന് പറഞ്ഞ് സംവിധായകൻ സമ്മതിച്ചില്ലായെന്നും മെജോ വ്യക്തമാക്കി.

Content Highlight: Shreya Ghoshal was initially chosen for the song ‘Pakalin Pavanil’ in ‘Traffic’, but the choice later shifted to Sithara said Mejo Joseph.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more